ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്‌ധനുമായ നൗഷാദിന്‍റെ (55) വേർപാട് സൃഷ്ടിച്ച ആഘാതത്തിലാണ് സിനിമ ലോകം. പാചക ലോകത്ത് ഏറെ പ്രശസ്തനായിരുന്ന നൗഷാദ് സുഹൃത്തായ ബ്ലസിക്ക് വേണ്ടിയാണ് സിനിമയിലേക്ക് എത്തുന്നത്. ബ്ലസിയുടെ ആദ്യ സിനിമ കാഴ്‌ച നിർമിച്ചത് നൗഷാദാണ്.
Also Read: പ്രാർത്ഥനകളെല്ലാം വിഫലം; നൗഷാദ് അന്തരിച്ചു
ആദ്യ സിനിമയുടെ റിലീസിനും നൗഷാദിന്‍റെ മരണത്തിനും അപൂർവമായ ഒരു സാമ്യം ഉണ്ട്. രണ്ടും സംഭവിച്ചത് ഓഗ്സ്റ്റ് 27ന് ആണ്. 2004ൽ ആയിരുന്നു മമ്മൂട്ടി നായകനായ കാഴ്‌ചയുടെ റിലീസ്. സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു.
15 വർഷങ്ങൾക്കിപ്പുറം കാഴ്‌ച തിയേറ്ററുകളിലെത്തിയ അതെ ഓഗസ്റ്റ് 27ന് നൗഷാദും വിടപറഞ്ഞു. സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറും ആയ എൻഎം ബാദുഷയാണ് ഈ അപൂർവ യാദൃശ്ചികത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിയുടെ തന്നെ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലാൽ ജോസിന് വേണ്ടി സ്പാനിഷ് മസാല എന്നീ സിനിമകളും നൗഷാദ് നിർമിക്കുകയുണ്ടായി.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു നൗഷാദിന്‍റെ അന്ത്യം. രണ്ടാഴ്ച മുൻപാണ് നൗഷാദിന്‍റെ ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചത്. അമിതഭാരവും വണ്ണവും ഉണ്ടായിരുന്ന നൗഷാദ് വര്‍ഷങ്ങള്‍ക്കു മുൻപ് ശരീരഭാരം കുറയ്ക്കാന്‍ ചില ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
ഇതിനുശേഷവും ഭാരവും വണ്ണവും കൂടിയതോടെ ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായി. തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ നടത്തിവരികയായിരുന്നു. ആന്തരികാവയവങ്ങളില്‍ വ്രണമുണ്ടായതോടെയാണ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്.