കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മരക്കാർ അറബിക്കടലിന്‍റെ സിംഹം സിനിമയുടെ റിലീസ് വീണ്ടും മാറ്റിവച്ചു. ദേശീയ അവാർഡിൽ തിളങ്ങിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് ആശിർവാദ് സിനിമാസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബ്രഹ്മാണ്ഡചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തിവിട്ടത്.എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രദർശനം വൈകിയത്. നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ വീണ്ടും സജീവമായതിനാൽ വരുന്ന മെയ് മാസം 13ന് ചിത്രം തിയേറ്ററുകളിൽ പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
മോഹൻലാലിനൊപ്പം ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, പ്രഭു, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ തുടങ്ങി പ്രമുഖതാരനിര തന്നെ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. ഇക്കഴിഞ്ഞ ദേശീയ അവാർഡിൽ മികച്ച ചിത്രമായും വിഎഫ്എക്സിനുമുള്ള പുരസ്‌കാരം മരക്കാറിനായിരുന്നു. നൂറു കോടി രൂപയാണ് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, സി.ജെ.റോയ്, സന്തോഷ് കുരുവിള എന്നിവർ ചിത്രത്തിനായി മുതൽമുടക്കിയതെന്നാണ് റിപ്പോർട്ടുകൾ.
Also Read: ദേശീയ പുരസ്‌കാര നിറവിൽ മരക്കാർ; സന്തോഷം പങ്കുവെച്ച് മോഹൻലാൽ
തിരു ഛായാഗ്രഹണവും അയ്യപ്പൻ നായർ എംഎസ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കലാസംവിധായകൻ സാബു സിറിൽ ആണ്. റോണി റാഫേൽ സംഗീതവും രാഹുൽരാജ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.