തിരുവനന്തപുരം: മാമാങ്കത്തിന്‍റെ വ്യാജപതിപ്പ് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്‍റെ നിർമാതാവ്. സിനിമക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എജോ ആന്റണി ജോസഫ് പറഞ്ഞു.
തിയേറ്ററിൽ നിന്നും മാമാങ്കത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ട്രോൾ ഉണ്ടാക്കി ചിത്രത്തെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. വ്യാജ പതിപ്പ് പുറത്തു വന്നതിനെതിരെ പൊലീസിൽ പരാതി നൽകി. മദ്രാസ് ഹൈക്കോടതിയിൽ നിന്നും പൈറസിക്കെതിരെ ഉത്തരവ് നേടിയിരുന്നു. സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ചിത്രത്തെ ബാധിച്ചിട്ടില്ലെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. മാമാങ്കത്തിനെതിരെ നടക്കുന്ന അപവാദങ്ങൾ ആസൂത്രിതമാണ്. സമൂഹത്തിലെ ചില കുബുദ്ധികളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും സൈബർ സെല്ലിൽ പരാതി നൽകിയതായും പത്മകുമാർ കൂട്ടിച്ചേർത്തു. വൈഡ് റിലീസിലൂടെയാണ് സിനിമക്കെതിരായ ആക്രമണങ്ങളെ ചെറുക്കാനായത്. കേരളത്തിൽ മാത്രമായിരുന്നെങ്കിൽ പതറിപ്പോകുന്ന സാഹചര്യമുണ്ടാകുമായിരുന്നുവെന്നും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പത്മകുമാർ പറഞ്ഞു. തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നോട്ടു പോകുന്ന സിനിമയുടെ ആദ്യ ദിനം തന്നെ 23.7 കോടിയുടെ കളക്ഷനാണ് ലഭിച്ചത്. മലബാർ മേഖലയാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്.