മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക് ഒടിടി റിലീസിന്. ആന്‍റോ ജോസഫ് നിർമിക്കുന്ന ചിത്രം ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. നായകനായ ഫഹദ് ഫാസിൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
2019ൽ ചിത്രീകരണം തുടങ്ങിയ മാലിക് ആദ്യത്തെ ലോക്ക്‌ഡൗണിന് ശേഷമുളള സമയത്ത് റിലീസ് ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇനി തിയേറ്റര്‍ എന്ന് തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാലും വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് നിർമാതാവ് ആന്‍റോ ജോസഫ് വിവിധ സിനിമ സംഘടനകള്‍ക്ക് കത്തയച്ചിരുന്നു.
Also Read: മലയാള സിനിമക്ക് അഭിമാന നിമിഷം; ആദ്യ ടെക്നോ ഹൊറർ ചിത്രം ബിഫാൻ ചലച്ചിത്ര മേളയിലേക്ക്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്ക്. 20 കിലോയോളം ശരീരഭാരം കുറച്ച് വ്യത്യസ്‌ത ഗെറ്റപ്പിൽ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മാലികിൽ ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 25 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.