ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ അജു വർഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേർന്നാണ്.
കലിപ്പ് ലുക്കില്‍ കൂളിങ് ഗ്ലാസ് വച്ച് ബിയർ കുപ്പി കറക്കിയെറിയുന്ന അജു വര്‍ഗീസും പിന്നില്‍ മാസ് ലുക്കില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുമാണ് പോസ്റ്ററില്‍ ഉള്ളത്. പുതിയ പോസ്റ്റർ ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. നായകനായ നിവിന്‍ പോളിയെ പിന്നില്‍ നിര്‍ത്തി അജു വര്‍ഗീസ് എങ്ങനെ മുന്നില്‍ വന്നു എന്ന് ട്രോളന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മാതാവ് ആയത് കൊണ്ട് താന്‍ തന്നെ മുമ്പില്‍ മാസ് ലുക്കില്‍ നില്‍ക്കുമെന്ന് അജു വര്‍ഗീസ് നിലപാട് എടുക്കുകയായിരുന്നു എന്നാണ് ട്രോളന്മാരുടെ പക്ഷം. ഇത് സംബന്ധിച്ച ഒരു ട്രോള്‍ അജു തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനില്‍ നിന്നും ശോഭയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ധ്യാന്‍ 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ കഥയെഴുതിയിരിക്കുന്നത്. ദിനേശന്‍ എന്ന് തന്നെയാണ് നിവിന്‍ പോളി കഥാപാത്രത്തിന്റെ പേര്. സാഗര്‍ എന്നാണ് അജു വര്‍ഗീസ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്‍റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് ആയിരുന്നു പുറത്ത് വിട്ടത്. ധ്യാനിനെ സംവിധായകരുടെ ക്ലബിലേക്കും അജുവിനെ നിര്‍മ്മാതാക്കളുടെ സംഘത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും പൃഥ്വി കുറിച്ചിരുന്നു. ചിത്രം ഓണത്തിന് തിയേറ്ററിലെത്തും.