ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറൂണിന്‍റെ 'ടൈറ്റാനിക്'. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രേമവുമാണ് ടൈറ്റാനിക് എന്ന് മന്ത്രിക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുക.
സിനിമയില്‍ 'ഹൈപ്പോതെര്‍മിയ' പിടിപെട്ട് ജാക്ക് മരിക്കുകയും റോസ് രക്ഷപ്പെടുകയും ചെയ്യുന്നതായിട്ടായിരുന്നു കഥ. എന്നാല്‍ എന്തുകൊണ്ട് അന്ന് ജാക്ക് മരണത്തിന്‍റെ പിടിയിലായി എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അവസാനരംഗത്ത് ടൈറ്റാനിക് തകര്‍ന്നപ്പോള്‍ റോസ് രക്ഷപ്പെടാൻ കയറിയിരുന്ന വാതിലിന്‍റെ ഭാഗത്ത് ജാക്കിനും കയറാമായിരുന്നല്ലോയെന്നാണ് ആരാധകുടെ ചോദ്യം. ആ ചോദ്യം ജാക്കായി വേഷമിട്ട ലിയാനാര്‍ഡോ ഡികാപ്രിയോയും ഒടുവില്‍ നേരിട്ടിരിക്കുകയാണ്.
ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമയായ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ളതായിരുന്നില്ലേ ആ വാതില്‍ എന്നാണ് ഡികാപ്രിയോയോട് ചോദിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ ബ്രാഡ് പിറ്റും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് കയറിയിരിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ഡികാപ്രിയോയുടെ മറുപടി.
വെള്ളത്തില്‍ പൊങ്ങിക്കിടന്ന വാതില്‍ ചെറുതായിരുന്നെങ്കില്‍ ജാക്കിന്‍റെ മരണം വിശ്വസനീയമായിരുന്നനെ എന്ന് മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത് അത് കലാകാരന്‍റെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു. ചിത്രത്തിന്‍റെ സ്‌ക്രിപ്രറ്റിന്‍റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്‍ഥരഹിതമായിരുന്നേനെയെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു.