ബാലഭാസ്കർ എന്ന അതുല്യ കലാകാരൻ വിട പറഞ്ഞിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും ആ വിയോഗം ഇപ്പോഴും മലയാളിയുടെ മനസ്സിനെ വേദനിപ്പിക്കുകയാണ്. അതിനിടയിലാണ് അദ്ദേഹത്തിന്‍റെ മരണത്തെ ചുറ്റിപ്പറ്റി പുതിയ ദുരൂഹതകളും വിവാദങ്ങളും പുറത്ത് വരുന്നത്. അപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
കാറപകടത്തില്‍ ബാലഭാസ്കറിന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോൾ പ്രചരിക്കുന്ന അപവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ലക്ഷ്മി പറയുന്നു. അപകട സമയത്ത് ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ പണവും സ്വർണവും ഉണ്ടായിരുന്നെന്നും ഇതെവിടെ പോയെന്നും കഴിഞ്ഞ ദിവസം ബാലുവിന്‍റെ ബന്ധു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ലക്ഷ്മിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണങ്ങളായിരുന്നു അവർ ഉന്നയിച്ചത്. എന്നാല്‍ ഭർത്താവും മകളും കൂടെ ഇല്ലാതെ തനിക്ക് എന്തിനാണ് പണവും സ്വർണവുമെന്ന് ലക്ഷ്മി ചോദിക്കുന്നു.
വഴിപാടുകൾ നടത്താനായി വടക്കുന്നാഥനിൽ പോയതും അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ താത്പര്യപ്രകാരമാണ്. അർജുനോട് വണ്ടി ഓടിക്കാൻ നിർദ്ദേശിച്ചതും ബാലുവാണ്. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍റേത്.... കലയില്‍ ഒട്ടും വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ടീമംഗങ്ങളില്‍ ആരെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ക്ക് എങ്ങനെയാണ് ക്രിമിനലുകളുമായി കൂട്ടുകൂടാൻ സാധിക്കുന്നത്?
അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു - ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.