തിയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ച് ദുൽഖർ സൽമാന്‍റെ 'കുറുപ്പ്' റിലീസിനെത്തി. പ്രതീക്ഷിച്ച പോലെ കൊവിഡാനന്തരം തിയേറ്ററുകളിൽ വലിയ ആഘോഷമായാണ് 'കുറുപ്പ്' എത്തിയത്. സിനിമ ഗംഭീരമെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.
കേക്ക് മുറിച്ചും നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു കൊച്ചി കവിത തിയേറ്ററിൽ രാവിലെ എട്ട് മണിയോടെ തുടങ്ങിയ ആദ്യ പ്രദർശനത്തെ ദുൽഖർ ഫാൻസ് വരവേറ്റത്. ആദ്യ പകുതി ആസ്വാദകരമാണെന്ന് പ്രേക്ഷനായ ഇർഫാന്‍റെ അഭിപ്രായം. രണ്ടാം പകുതി ത്രസിപ്പിക്കുന്നതും സസ്പെൻസ് നിറഞ്ഞതുമാണെന്നും, ഏവര്‍ക്കും കണ്ടിരിക്കാൻ കഴിയുന്ന നല്ല സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എറെ അസാധാരണമായ കുറുപ്പിന്‍റെ ജീവിതത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്നതാണ് സിനിമയുടെ പ്രത്യേകത. അതേസമയം കുറ്റവാളിക്ക് വീരപരിവേഷം നൽകുന്നതല്ല ഈ സിനിമയെന്നുമാണ് കുറുപ്പായി അഭിനയിച്ച ദുൽഖർ തന്നെ വ്യക്തമാക്കിയത്.
ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ വൻ ഓഫറുകള്‍ ലഭിച്ചെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തിച്ച തീരുമാനം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തിൽ മാത്രം 450ലേറെ തിയേറ്ററുകളിലും വേൾഡ് വൈഡ് റിലീസായി 1500 തിയേറ്ററുകളിലുമാണ് ചിത്രമെത്തുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടു നിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെർ ഫിലിംസും എം സ്റ്റാർ എന്‍റ്ർടൈൻമെന്‍റ്‌സും ചേർന്നാണ് നിര്‍മ്മാണം. ദുൽഖർ സൽമാന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനാണ് 'കുറുപ്പി' ന്‍റെയും സംവിധായകന്‍. ജിതിൻ കെ ജോസ് ആണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.