ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്'. ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ച് കേരളത്തിലെ തിയേറ്ററുകളിലെത്തിയ 'കുറുപ്പ്' കുതിക്കുകയാണ്. ലോകമെമ്പാടുമുള്ള 1500 സ്‌ക്രീനുകളിലും കേരളത്തിലെ 505 തിയേറ്ററുകളിലുമാണ് ആദ്യ ദിനം 'കുറുപ്പ്' ഷോ നടത്തിയത്.
ആദ്യ ദിനത്തില്‍ 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം അഡീഷണല്‍ ഷോ നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ് ആദ്യ ദിന ഗ്രോസ് കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
വേഫാറര്‍ പ്രൊഡക്ഷന്‍സിന്‍റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ആണ് ഇക്കാര്യം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത 'ലൂസിഫറി'ന്‍റെ ആദ്യ ദിന ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് 'കുറുപ്പി'ന്‍റെ ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
'കുറുപ്പ്' ഒരാഴ്‌ച്ച ദുപൂര്‍ത്തിയാക്കുമ്പോള്‍ പത്ത് കോടിക്ക് മുകളില്‍ ഗ്രോസ് നേടുമെന്ന് ഷേണോയിസ് സിനിമാക്‌സ് എം.ഡി സുരേഷ് ഷേണായ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ ജനങ്ങള്‍ അടുത്ത സൂപ്പര്‍താരമായി ഉയര്‍ത്തിയ ചിത്രമാണ് 'കുറുപ്പ്' എന്നും സുരേഷ് ഷേണായ് വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റിംഗിലാണ് ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററില്‍ പ്രേക്ഷകര്‍ എത്തുമോ എന്ന ആശങ്കയോടെയാണ് 'കുറുപ്പ്' റിലീസിനെത്തിയത്. ഞായറാഴ്‌ച്ച വരെ കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രത്തിന് വന്‍ ബുക്കിങാണ് നടന്നിരിക്കുന്നത്. തിങ്കളാഴ്‌ച്ച മുതല്‍ കൂടുതല്‍ കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ. നിലവിലെ ടിക്കറ്റ് ഡിമാന്‍റിനെ തുടര്‍ന്ന് ഷോകളുടെ എണ്ണവും തിയേറ്ററുകള്‍ കൂട്ടിയിട്ടുണ്ടെന്നാണ് സൂചന.
Also Read:'1947ലെ യുദ്ധത്തെ കുറിച്ച് എനിക്കറിയില്ല... പദ്‌മശ്രീ തിരികെ നല്‍കാം! ദയവായി സഹായിക്കൂ,': കങ്കണ