സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യം 1947ല്‍ നേടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടിയതെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.
കങ്കണയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ സിനിമാ-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കങ്കണയ്‌ക്ക് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നായിരുന്നു താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നത്.
വിഷയത്തില്‍ പ്രതികരണവുമായി കങ്കണയും രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നിലപാട് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ഞാന്‍ നന്നായി പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ 1947ലെ യുദ്ധത്തെ കുറിച്ച് അറിയില്ലെന്നും കങ്കണ കുറിച്ചു. സുഭാഷ് ചന്ദ്രബോസിന് ഗാന്ധിജിയുടെ പിന്തുണ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും കങ്കണ ചോദിക്കുന്നു. തനിക്ക് ഉത്തരം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ തിരിച്ചു നല്‍കി മാപ്പു പറയാമെന്നും കങ്കണ പറയുന്നു.
'1857 ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് എനിക്കറിയാം. റാണി ലക്ഷ്മി ഭായുടെ ജീവിതം പറയുന്ന ഒരു സിനിമയില്‍ (മണികര്‍ണ്ണിക: ദ ക്വീന്‍ ഒാഫ് ഝാന്‍സി) ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് ഒന്നാം സ്വാതന്ത്ര്യസമരത്തെ കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്‍റെയും റാണി ലക്ഷ്‌മി ഭായുടെയും സവര്‍ക്കര്‍ജിയുടെയും ത്യാഗങ്ങളെ കുറിച്ച് എനിക്കറിയാം. പക്ഷേ 1947ല്‍ നടന്ന യുദ്ധത്തെ കുറിച്ച് എനിക്കറിയില്ല. 1857ല്‍ ദേശീയത ഉണര്‍ന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അതിന് പെട്ടെന്നൊരു മരണമുണ്ടായത് എന്തുകൊണ്ടാണ്? സുഭാഷ് ചന്ദ്രബോസിന് എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പിന്തുണ ലഭിക്കാതിരുന്നത്? ഐഎന്‍എയുടെ ഒരു ചെറിയ യുദ്ധം പോലും നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമായിരുന്നു. പകരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭിക്ഷ പാത്രത്തിലേക്കാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം വച്ചുനീട്ടിയത്. എനിക്ക് ഉത്തരം നല്‍കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ ഞാന്‍ എന്‍റെ പത്മശ്രീ തിരിച്ചുനല്‍കുകയും മാപ്പ് പറയുകയും ചെയ്യാം. ദയവായി സഹായിക്കൂ.' - കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ വിവാദ പ്രസ്‌താവന നടത്തിയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണം ബ്രിട്ടീഷ് ഭരണത്തിന്‍റെ തുടര്‍ച്ച മാത്രമായിരുന്നെന്നും 1947ല്‍ കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണെന്നുമാണ് കങ്കണ പറഞ്ഞത്. യഥാര്‍ത്ഥ സ്വാതന്ത്ര്യം കിട്ടിയത് മോദി ഭരണത്തിലെത്തിയ 2014ല്‍ ആയിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.
കങ്കണയുടെ ഈ പ്രസ്ഥാവനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, മഹാരാഷ്‌ട്ര എന്‍സിപി മന്ത്രി നവാബ് മാലിക് എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇവര്‍ക്കൊപ്പം ആം ആദ്‌മി പാര്‍ട്ടിയും, ശിവസേനയും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
യാചിച്ചവര്‍ക്ക് മാപ്പും ധീരമായി പോരാടിയവര്‍ക്ക് സ്വാതന്ത്ര്യവും ലഭിച്ചുവെന്നാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്. കങ്കണയ്‌ക്ക് ലഭിച്ച പദ്‌മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റിന് കത്തയക്കുകയും ചെയ്‌തു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹയല്ലെന്നാണ് കത്തില്‍ പറയുന്നത്. അതേസമയം കങ്കണയ്‌ക്ക് ലഭിച്ച പദ്‌മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും ആവശ്യപ്പെട്ടിരുന്നു. ഇതുപോലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുമ്പ് അവരുടെ മാനസിക നില കൂടി പരിശോധിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഭാവിയില്‍ അവര്‍ രാജ്യത്തെയോ വീര പുരുഷന്‍മാരെയോ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്‌തു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
Also Read: ആഘോഷങ്ങള്‍ ഇല്ലാതെ മന്നത്ത്; സഹോദരന് പിറന്നാള്‍ ആശംസകളുമായി സുഹാന