രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര മേഖലയിലെ പ്രമുഖരെ എതിർത്ത് കങ്കണ റണൗട്ട് അടക്കമുള്ള താരങ്ങൾ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മണിരത്നവും ഉൾപ്പടെ വ്യത്യസ്ത മേഖലയില്‍ നിന്നുള്ള 49 പേരാണ് കഴിഞ്ഞ 23ാം തീയതി മോദിക്ക് കത്തയച്ചത്. എന്നാല്‍ ഇതിനെ എതിർത്ത് 61 പ്രമുഖ താരങ്ങളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇവർ പ്രധാനമന്ത്രിക്ക് മറ്റൊരു തുറന്ന കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
സെൻസർ ബോർഡ് അധ്യക്ഷനായ പ്രസൂൺ ജോഷി, നടി കങ്കണ റണാട്ട്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി തുടങ്ങിയവർ ഒപ്പിട്ടതാണ് പുതിയ കത്ത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്ത് പ്രമുഖര്‍ അയച്ച കത്ത് ദുരുദ്ദേശപരമാണെന്നും തെറ്റായ കാര്യങ്ങളാണ് അതില്‍ പ്രസ്താവിക്കുന്നതെന്നും 61 പേരുടെ കൂട്ടായ്മ ആരോപിച്ചു. പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമങ്ങളെ മോശമായി ചിത്രീകരിക്കാനാണ് ഒരു പറ്റം പ്രമുഖർ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു. അതേ സമയം രാജ്യം ഇപ്പോൾ മാറ്റത്തിന്‍റെ പാതയിലാണെന്നും ജനാധിപത്യത്തെ ബഹുമാനിക്കാത്തവരാണ് പ്രധാനമന്ത്രിക്കെതിരെ കത്തയച്ചതെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ജയ് ശ്രീറാം എന്നത് ഇപ്പോൾ കൊലവിളിയായി മാറിയെന്നായിരുന്നു 49 പേർ അയച്ച കത്തിലെ പ്രധാന ആരോപണം. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, രേവതി, സൗമിത്രോ ചാറ്റർജി, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചത്. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.