ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസൻ. 2013ല്‍ തന്‍റെ 'വിശ്വരൂപം' എന്ന സിനിമ നിരോധിക്കാൻ കാരണം ജയലളിതക്ക് തന്നോട് ഉണ്ടായിരുന്ന പകയാണെന്ന് കമല്‍ ഹാസൻ പറയുന്നു. മാധ്യമപ്രവര്‍ത്തക സോണിയ സിങ്ങിന്റെ 'ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്' എന്ന പുസ്തകത്തിലാണ് കമലിന്‍റെ വെളിപ്പെടുത്തല്‍.
ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിശ്വരൂപത്തിന്‍റെ പകർപ്പവകാശത്തിനായി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവിയുടെ അധികൃതർ തന്നെ സമീപിച്ചിരുന്നെന്നും ഇതിനായി കള്ളപ്പണമാണ് അവർ തനിക്ക് വാഗ്ദാനം ചെയ്തതെന്നുമാണ് കമല്‍ ഹാസന്‍റെ വെളിപ്പെടുത്തല്‍. ''വിശ്വരൂപത്തിന്‍റെ പകർപ്പവകാശം ജയ ടിവിക്ക് നല്‍കാൻ എനിക്ക് സമ്മതമായിരുന്നു. എന്നാല്‍ പ്രതിഫലമായി അവർ കള്ളപ്പണം വാഗ്ദാനം ചെയ്തപ്പോഴാണ് ഞാൻ ആ കരാറില്‍ നിന്നും പിന്മാറിയത്. ജയലളിതയോടുള്ള വ്യക്തിപരമായ വിരോധം കൊണ്ടാണ് കരാറില്‍ നിന്നും പിന്മാറിയതെന്ന് അവർ തെറ്റിധരിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. വിശ്വരൂപം കാണുന്നതിനായി ജയലളിത സംസ്ഥാന പൊലീസ് മേധാവിയെയും ജയാ ടിവിയുടെ തലവനെയും അയച്ചു. എന്‍റെ സിനിമ റിലീസ് ചെയ്താല്‍ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അവർ റിപ്പോർട്ട് നല്‍കുകയും സെൻസർ ബോർഡിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് ചിത്രം നിരോധിക്കുകയായിരുന്നു'', കമല്‍ ഹാസൻ വ്യക്തമാക്കി.
താൻ രാഷ്ട്രീയത്തില്‍ ഇറങ്ങാൻ പ്രധാന കാരണവും ജയലളിതയാണെന്ന് കമല്‍ പറയുന്നു. അന്ന് ചിത്രം നിരോധിച്ചതിനെ തുടർന്ന് താൻ ഏറെ ബുദ്ധിമുട്ടിയെന്നും പിന്നീട് ഒരുപാട് കഷ്ടപ്പെട്ടും കോടതിയെ സമീപിച്ചുമാണ് ചിത്രത്തെ നിരോധനത്തില്‍ നിന്നും രക്ഷിച്ചെടുത്തതെന്നും കമല്‍ ഹാസൻ ഓർക്കുന്നു.