മണിരത്നം സിനിമകളില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 1998 ല്‍ പുറത്തിറങ്ങിയ 'ദില്‍ സേ'. മനോഹരമായ ഒരു പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയത് ഷാരൂഖ് ഖാനും മനീഷ കൊയ്രാളയുമായിരുന്നു. എന്നാല്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ചിത്രത്തിലെ ഗാനങ്ങളായിരുന്നു. എ ആർ റഹ്മാൻ ഈണമിട്ട 'ജിയ ജലേ'യും 'ചയ്യ ചയ്യ'യുമൊക്കെ സംഗീതാസ്വാദകർക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.
മുഴുവനായി ഓടുന്ന തീവണ്ടിയില്‍ ചിത്രീകരിച്ച ‘ചയ്യ ചയ്യ ചയ്യ ചയ്യാ..’ എന്ന ഗാനം വരികൾ കൊണ്ടും സംഗീതം കൊണ്ടും ഷാരൂഖിന്‍റെയും മലൈക അറോറയുടെയും നർത്തകരുടെയും നൃത്തച്ചുവടുകൾ കൊണ്ടും ഛായാഗ്രഹണം കൊണ്ടുമെല്ലാം ഏറെ മികവ് പുലർത്തിയിരുന്നു. ‘ദിൽസെ’യും 'ചയ്യ ചയ്യ' യും പുറത്തിറങ്ങിയിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷണങ്ങൾ ഓർക്കുകയാണ് പ്രശസ്ത ഛായാഗ്രഹകനായ സന്തോഷ് ശിവൻ.
- " class="align-text-top noRightClick twitterSection" data="">
മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനരംഗം അന്ന് സന്തോഷ് ശിവൻ ഷൂട്ട് ചെയ്തത് ARRI (ARRIFLEX 35 III) ക്യാമറയിലായിരുന്നു. ARRI ക്യാമറ അതിന്റെ നൂറാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് ഗാനം ചിത്രീകരിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ സന്തോഷ് ശിവൻ പങ്കുവെച്ചത്. ``നാല് ദിവസം കൊണ്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ആ ട്രെയിനിൽ മുഴുവൻ ആർട്ടിസ്റ്റുകളായിരുന്നു. എല്ലാവരും മുൻപ് റിഹേഴ്സൽ ചെയ്തതിന് ശേഷമാണ് ട്രെയിനിന് മുകളിലുള്ള രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. സാങ്കേതിക വിദ്യയുടെ ഗുണങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തിൽ മുഴച്ച് നിൽക്കാത്ത രീതിയിൽ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതാണ് ആ ഗാനത്തിന്‍റെ വിജയം. ആ പാട്ടിന്റെ വരികളിൽ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,” സന്തോഷ് ശിവൻ പറയുന്നു. നിഴലും വെളിച്ചവും മാറിമാറി മറയുന്ന രീതിയിലുള്ള നിരവധി ദൃശ്യങ്ങളാണ് ആ ഗാനരംഗത്തിലുള്ളത്. ടണലിന് അകത്ത് കൂടി ട്രെയിൻ കടന്നു പോകുന്ന രംഗങ്ങളൊക്കെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ സന്തോഷ് ശിവന് സാധിച്ചു. ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.