പഴക്കമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, അഭിനയത്തിന്‍റെ അനന്ത സാധ്യതകളുടെ കൊടുമുടി കീഴടക്കിയ, സിനിമക്ക് ഭാഷയും കാലവും കടന്നും നിലനിൽപ്പുണ്ടെന്നും ബോധ്യപ്പെടുത്തിയ ഉലകനായകന് ഇന്ന് 67ാം പിറന്നാൾ.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കമൽ ഹാസൻ എടുത്തണിയാത്ത വേഷങ്ങളില്ല. അഭ്രപാളിയിലെ മാസ്മരിക പ്രകടനത്തിനൊപ്പം ഡാൻസറായും നിർമാതാവായും സംവിധായകനായും ഗായകനായും ഗാനരചയിതാവായും ചലച്ചിത്ര മേഖലയിൽ ഇന്നും വസന്തം തീർക്കുന്ന കമൽ ഹാസനല്ലാതെ സകലകലാവല്ലഭൻ എന്ന പേര് മറ്റാർക്കാണ് ചേരുക.
സിനിമ ജീവിതത്തിൽ ഒരുപാടു പേരുടെ പ്രതീക്ഷയും ആശ്രയവും പ്രചോദനവുമൊക്കെയായി ആറ് പതിറ്റാണ്ടിനിപ്പുറവും അഭ്രപാളിയുടെ കൊടുമുടിയിൽ നിൽക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ.
ആറാം വയസിൽ 1960ൽ കുളത്തൂർ കണ്ണമ്മയിലൂടെ ബാലതാരമായി അരങ്ങേറിയ കമൽ ഹാസന് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടിയാണ് സിനിമയിൽ കമൽ തന്‍റെ സ്ഥാനം ഉറപ്പിച്ചത്.
1974ൽ പുറത്തിറങ്ങിയ മലയാളചിത്രം കന്യാകുമാരിയിലൂടെയാണ് കമൽ ഹാസൻ നായകവേഷമണിഞ്ഞത്. പിന്നീട് ഇന്ത്യൻ സിനിമ ലോകത്തിന് ലഭിച്ചത് പാൻ ഇന്ത്യൻ നായകൻ എന്ന വിശേഷണത്തിനുടമയെയാണ്.
62 വർഷത്തിനിപ്പുറം വ്യത്യസ്‌ത ഭാഷകളിലായി കമൽ ഹാസൻ അഭിനയിച്ച് രാജ്യത്തിന്‍റെ യശസ്സുയർത്തിയ സിനിമകൾ ഏറെയാണ്. ഇന്ത്യനിലെ 'സേനാപതി'യും 'ചന്ദ്രബോസും', തേവര്‍മകനിലെ 'ശക്തിവേല്‍', നായകനിലെ 'വേലു നായ്ക്കര്‍', ഹേ റാമിലെ 'സാകേത് റാം', അന്‍പേ ശിവത്തിലെ 'നല്ലാ ശിവം' എന്നിങ്ങനെ സിനിമ ചരിത്രത്തിൽ നിന്നും മായ്‌ച്ച് കളയാനാകാത്ത നിരവധി അനവധി അഭിനയ മുഹൂർത്തങ്ങൾ. കമൽ ഹാസന്‍റെ ഭാഷാചാതുര്യവും ഊർജസ്വലതയും എന്നും അദ്ദേഹത്തിന്‍റെ സിനിമകൾക്ക് ശക്തി പകർന്നിട്ടേയുള്ളൂ.
നാലു തവണയാണ് ദേശീയ പുരസ്കാരം കമലിനെ തേടിയത്. മൂൻട്രാം പിറൈ, നായകൻ, തേവർ മകൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽ സ്വന്തമാക്കി. 1990ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു. 67ാം വയസിലും അഭിനയത്തെ ആഘോഷമായിക്കൊണ്ടുനടക്കുന്ന സിനിമയെ ജീവശ്വാസമായി കരുതുന്ന സകലകലാവല്ലഭന് ഇടിവി ഭാരതിന്‍റെ പിറന്നാൾ ആശംസകൾ...