വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതിന് നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. മധുവിനെ ആൾക്കൂട്ടക്കൊല ചെയ്‌ത പോലെയാണ് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത സംഭവം തോന്നിയതെന്ന് ഗായത്രി സുരേഷ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗായത്രി സുരേഷും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാർ ഓടിച്ച് പോകവെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിലിടിച്ചിട്ടും നടിയും സുഹൃത്തും നിർത്താതെ കാർ ഓടിച്ചുപോകുകയാണുണ്ടായത്.
ഭയത്താലാണ് കാർ നിർത്താതെ പോയതെന്നാണ് ഗായത്രി സുരേഷിന്‍റെ വാദം. എന്നാൽ ഒരു കൂട്ടം ആളുകൾ ചേസ് ചെയ്‌ത് വട്ടമിട്ട് നിർത്തി അസഭ്യവർഷം നടത്തിയെന്നും കാർ തല്ലിപ്പൊളിച്ചെന്നും ഗായത്രി പറയുന്നു.
പിന്നീട് പൊലീസ് വന്നാണ് രക്ഷപെടുത്തിയത്. താനൊരു സെലിബ്രിറ്റി ആയതിനാലാണ് ഇത്തരത്തിൽ തന്നെ ആൾക്കൂട്ട വിചാരണക്ക് ഇരയാക്കി വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.
തന്നെ എടീ, നീ എന്നൊക്കെ വിളിക്കാനും കാർ തല്ലിപ്പൊളിക്കാനും അവർക്ക് ആരാണ് അധികാരം നൽകിയതെന്നും മധു എന്ന വ്യക്തിയെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അടിച്ചുകൊന്ന സംഭവത്തെ പോലെയാണ് ഇതിനെയും തനിക്ക് തോന്നുന്നതെന്നും ഗായത്രി പറഞ്ഞു.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും സിനിമകളുമായി മുന്നോട്ടുപോകുകയാണെന്നും താരം അറിയിച്ചു. മലയാളത്തിൽ അഞ്ചും തെലുങ്കിൽ രണ്ടും സിനിമകളാണ് ഗായത്രി സുരേഷിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ളത്.