വിനയന്‍ ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുകയാണ്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം ആതിരയാണ് നായിക.
ദിവ്യ ഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് 'ആകാശഗംഗ 2' പറയുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ദിവ്യ ഉണ്ണി ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ അതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ‘എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്‍റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. ആകാശഗംഗയുടെ രണ്ടാംഭാഗത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യ ഭാഗം ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്. ആദ്യ ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’, ദിവ്യ ഉണ്ണി പറഞ്ഞു.
ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്പോള്‍ വലിയ ആകാംക്ഷയാണുള്ളതെന്നും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ദിവ്യ പറഞ്ഞു. മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.