കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച കോടിക്കണക്കിന് ധനസഹായം ഇതുവരെയും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ലെന്ന നടൻ ധർമജൻ ബോൾഗാട്ടിയുടെ പരാമർശത്തെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങൾ. സർക്കാരിനെ വിമർശിച്ചതിന് ഒരു വിഭാഗം സൈബർ ആക്രമണം നടത്തിയപ്പോൾ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചു എന്നാണ് മറുവിഭാഗത്തിന്‍റെ നിലപാട്.
ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു ധർമജന്‍റെ വിവാദ പരാമർശം. 'കഴിഞ്ഞ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്ന് തന്നെ കോടികൾ എത്തി. എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല,' എന്നായിരുന്നു ധർമജന്‍റെ പ്രസ്താവന. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു ധർമജന്‍റെ പ്രതികരണം. ഈ പ്രസ്താവനയാണ് വ്യാപകമായ വിമർശനത്തിന് വഴി വച്ചത്. കഴിഞ്ഞ പ്രളയത്തില്‍ ധർമജന്‍റെ വീട്ടിലും വെള്ളം കയറിയിരുന്നു.
പരാമർശത്തെ തുടർന്ന് ധർമജനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്‍റുകളാണ് നടന്‍റെ ഫേസ്ബുക്ക് പേജിൽ നിറഞ്ഞത്. ധർമജന്‍റെ എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തിയാണ് ഒരു കൂട്ടം പ്രതികരിച്ചത്. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നും മറ്റ് ചിലർ പ്രതികരിച്ചു. അതേസമയം, ധർമജന്‍റെ പ്രസ്താവനയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയ ധർമജൻ മാതൃകയാണെന്നായിരുന്നു അവരുടെ നിലപാട്.
ഈ വർഷത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ധർമജൻ സജീവമാണ്. ദുരിതമേഖലയിലെ ആളുകൾക്ക് നൽകാനുള്ള സാധനങ്ങൾ താരം തൃശൂരിലെത്തി കൈമാറിയിരുന്നു. ധർമജന്‍റെ സ്ഥാപനമായ ധർമൂസ് ഫിഷ് ഹബ് വഴിയും സാധനങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നുണ്ട്.