ബോളിവുഡിന്‍റെഇഷ്ടജോഡിയായ ദീപിക പദുകോണും രൺബീർ കപൂറും നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ലുവ് രഞ്ജൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ആക്ഷൻ ത്രില്ലർ വിഭാഗത്തില്‍പ്പെടുന്നചിത്രത്തില്‍ അജയ് ദേവ്ഗണും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ‘പ്യാര്‍ കാ പഞ്ച്നാമ’, 'സോനു കെ ടുടു കീ സ്വീറ്റി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലുവ് രഞ്ജൻ. ‘ബച്ച്നാ എ ഹസീനോ’,‘യേ ജവാനി ഹേ ദിവാനി’, ‘തമാഷ’ എന്നീ ചിത്രങ്ങളിലൂടെയാണ് രൺബീറും ദീപികയും പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയത്. ഇരുവരും തമ്മിലുള്ള പ്രണയവും സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2009 ല്‍പിരിഞ്ഞതിന് ശേഷവും ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ് സൂക്ഷിക്കുന്നത്. എന്തായാലും, ഇഷ്ടജോഡികളെ വീണ്ടും സ്ക്രീനിൽ ഒന്നിച്ച് കാണാൻ സാധിക്കുമെന്ന ആവേശത്തിലാണ് ആരാധകർ.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന‘ചപ്പാക്കി'ലാണ് ദീപിക ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ‘ബ്രഹ്മാസ്ത്ര’, ‘ഷംഷേറ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺബീർ ഇപ്പോൾ.