ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പിനുളള റൈറ്റ്സ് സ്വന്തമാക്കിയെന്നും ഉടനെ ആ ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്നും വെളിപ്പെടുത്തി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ഇടവേളക്ക് ശേഷം ചിരഞ്ജീവി നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ്‌റ നരസിംഹ റെഡ്ഡി'യുടെ കേരള ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജും സംവിധായകൻ അരുൺഗോപിയും ചടങ്ങിന് എത്തിയിരുന്നു.
'ആദ്യകാഴ്ചയില്‍ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. പക്ഷേ ലൂസിഫറിന്‍റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് അതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ അറിഞ്ഞു. എങ്കിലും എനിക്കത് ചെയ്യണമെന്ന് തന്നെ തോന്നി. അതിനാല്‍ റൈറ്റ്‌സ് വാങ്ങി. എന്‍റെ അടുത്തതോ അതിനടുത്തതോ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയിരിക്കും', ചിരഞ്ജീവി പറയുന്നു.
സെയ്‌റയുടെ പ്ലാനിങ് തുടങ്ങിയപ്പോള്‍ തന്നെ നടി സുഹാസിനി വഴി താന്‍ പൃഥ്വിയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നതായും താരം വെളിപ്പെടുത്തി. അതേ സമയം സൈറാ നരസിംഹ റെഡ്ഡിയില്‍ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. 'സെയ്‌റാ നരസിംഹ റെഡ്ഡി'യുടെ ടീസര്‍ കാണുമ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം ചിരഞ്ജീവി സാര്‍ ഈ സിനിമയിലെ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. ഷൂട്ടിങ് തിരക്കുകളിയായിരുന്നത് കൊണ്ട് എനിക്കിതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇന്നിപ്പോള്‍ ഈ ടീസര്‍ കാണുമ്പോള്‍ ഞാന്‍ എന്‍റെ നെഞ്ചത്തടിച്ചുപോവുകയാണ്', പൃഥ്വിരാജ് പറഞ്ഞു.