കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമന്നത്തിന് വേണ്ടി പ്രവർത്തിച്ച നവോത്ഥാന നേതാവ് അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ആഷിഖ് അബു. ചിത്രത്തിന്‍റെ രചന ജോലികൾ നേരത്തെ ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ വൈറസിന്‍റെ ചിത്രീകരണത്തിനായി ചെറിയ ഇടവേള എടുത്തതാണെന്നും ആഷിഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. അയ്യങ്കാളിയുടെ ജീവിതം ആഷിഖ് സിനിമയാക്കുന്നതായും ചിത്രത്തില്‍ അയ്യങ്കാളിയായി ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത് വിനായകനാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അയ്യങ്കാളിയായി ആര് അഭിനയിക്കും എന്നതുൾപ്പെടെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ സംവിധായകൻ പുറത്ത് വിട്ടിട്ടില്ല.
അതേസമയം ആഷിഖ് അബുവിന്‍റെ ഏറ്റവും പുതിയ ചിത്രം 'വൈറസ്' ഈ മാസം ഏഴിന് പ്രദർശനത്തിനെത്തും. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ കാലമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പാർവ്വതി, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, പൂർണ്ണിമ ഇന്ദ്രജിത്ത്, രേവതി തുടങ്ങി നിരവധി താരങ്ങളാണ് വൈറസില്‍ അണിനിരക്കുന്നത്. മൊഹ്സിൻ പെരാരി തിരക്കഥ നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ്.