ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വം സംബന്ധിച്ച വിവാദം കൊഴുക്കുമ്പോൾ എ.ആര്‍ റഹമാന്‍ തനിക്ക് വാഗ്ദാനം ചെയ്ത കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് റഹ്മാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇത് സ്‌നേഹത്തോടെ നിരസിക്കുകയാണ് റഹമാന്‍ ചെയ്തത്.
'നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ട്. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരാളാണ്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് വേണ്ടപ്പെട്ടവര്‍ എല്ലാവരും അവിടെയാണ്. ഞാന്‍ അവിടെ ജീവിക്കുന്നതില്‍ വളരെ സന്തോഷവാനാണ്.' എന്നാണ് വാഗ്ദാനം നിരസിച്ച് കൊണ്ട് റഹ്മാന്‍ പറഞ്ഞത്.
ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തന്റെ കെ.എം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ വരണമെന്നും ഇന്ത്യയും കാനഡയും തമ്മില്‍ കലാപരമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റഹമാന്‍ പറഞ്ഞു. റഹമാന്റെ നിലപാടിന് വലിയ പ്രശംസയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്. അക്ഷയ് കുമാര്‍ ഇത് കണ്ട് പഠിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.