കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. കോളജിലെ യൂണിയന്‍റെ ചടങ്ങിൽ പങ്കെടുക്കാൻ വന്ന അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റിൻ ഉണ്ടെങ്കിൽ പരിപാടിക്ക് വരില്ല എന്ന് പറഞ്ഞെന്നും തുടർന്ന് ബിനീഷ് ചടങ്ങിൽ എത്തി വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതുമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സംഭവം വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോൻ. തന്നോടൊപ്പം വേദി പങ്കിടില്ലെന്ന നിലപാട് സംവിധായകൻ സ്വീകരിച്ചതിന് കാരണം വ്യക്തമാക്കണമെന്ന് നടൻ ബിനീഷ് ബാസ്റ്റിനും ആവശ്യപ്പെട്ടിരുന്നു.
പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് സംവിധായകന്‍ വ്യക്തമാക്കി. 'മാസിക പ്രകാശനം ചെയ്യാനാണ് എന്നെ ക്ഷണിച്ചത്. തലേ ദിവസം വന്ന് ക്ഷണിച്ചതിനാല്‍ ഞാൻ വരില്ലെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ക്ഷണിക്കാന്‍ വന്നപ്പോള്‍ മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് അവരോട് ചോദിച്ചു. വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ല എന്നാണ് അവര്‍ പറഞ്ഞത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ വരില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു', അനില്‍ പറഞ്ഞു.
എന്നാല്‍ പിറ്റേ ദിവസം സംഘാടകർ ബിനീഷ് ഉണ്ടാവുമെന്ന് പറഞ്ഞതിനെ തുടർന്ന് തന്നെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി. 'ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു. ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കൈയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്‍റെ സാമിപ്യം എനിക്ക് പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല. ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്‍റെ പേരിനൊപ്പം മേനോന്‍ ഉണ്ടെന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്‍റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു', അനില്‍ രാധാകൃഷ്ണ മേനോൻ പറഞ്ഞു.