എറണാകുളം: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് (19.12.21) നടക്കും. ഔദ്യോഗിക വിഭാഗത്തിന്‍റെ പാനൽ ഏകകണ്‌ഠമായി അംഗീകരിക്കുന്ന രീതിയാണ് സംഘടനയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ വൈസ് പ്രസിഡന്‍റുമാരെയും, പ്രവർത്തക സമിതി അംഗങ്ങളെയും വോട്ടെടുപ്പിലൂടെയാണ് തെരെഞ്ഞെടുക്കുന്നത്. രണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ആശ ശരത്ത്, മണിയൻ പിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്.
ഇതിൽ ജനറൽ ബോഡി അംഗങ്ങളിൽ കൂടുതൽ പേർ വോട്ട് ചെയ്യുന്ന രണ്ട് പേരെയാണ് തെരഞ്ഞെടുക്കുക. ഔദ്യോഗിക പാനൽ നിർദേശിച്ചവര്‍ക്കെതിരെ മത്സരിക്കാന്‍ മണിയൻ പിള്ള എത്തുകയായിരുന്നു.
പതിനൊന്ന് അംഗ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് 14 പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, രചന നാരായണൻകുട്ടി, നാസർ ലത്തീഫ്, ടോവിനോ തോമസ്, ടിനി ടോം, നിവിൻപോളി, മഞ്ജു പിള്ള, സുരഭി ലക്ഷ്‌മി, ഉണ്ണി മുകുന്ദൻ, സുധീർകരമന, വിജയ് ബാബു എന്നിവരാണ് മത്സരിക്കുന്നത്.
രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെയാണ് വോട്ടെടുപ്പ്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. അതേസമയം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിരില്ലാതെയാണ് മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്‍റാകുന്നത്. ജനറൽ സെക്രട്ടറി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദിഖ് എന്നിവരും എതിരില്ലാതെ വിജയിച്ചിരുന്നു.
Also Read: AMMA| MOHANLAL | എതിരില്ലാതെ മോഹൻലാൽ, വീണ്ടും അമ്മ പ്രസിഡന്‍റ്
അമ്മ ജനറൽ ബോഡി യോഗത്തിൽ വച്ച് 2021-2024 വർഷത്തേക്കുളള കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. അതേസമയം താരസംഘടനയിലെ അംഗങ്ങൾക്കിടയിലുളള അഭിപ്രായ ഭിന്നത ചർച്ചകളിൽ പ്രതിഫലിക്കും. യോഗത്തില്‍ വോട്ടെടുപ്പിനെ വിമർശിച്ച് നടന്‍ സിദ്ധിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെ താരങ്ങളിൽ നിന്നും വിമർശനമുയരാനും സാധ്യതയുണ്ട്.