പ്രശ്സ്ത ഗായകൻ അദ്നാൻ സാമിയുടെ ട്വിറ്റർ അക്കൗണ്ടിന് നേരെ തുർക്കിഷ് സൈബർ ആക്രമണം. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത അയ്യില്‍ദാസ് ടീം തന്നെയാണ് ഇതിനും പിന്നില്‍.

അദ്നാൻ സാമിയുടെ ചിത്രം മാറ്റി പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്‍റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കുകയും പാകിസ്ഥാൻ പതാകകൾ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബയോ ആയി അയ്യില്‍ദാസ് ടീം പാകിസ്ഥാനെ സ്നേഹിക്കുന്നു എന്നും ഹാക്കർമാർ എഴുതി ചേർത്തിട്ടുണ്ട്. മുമ്പ് അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ടും സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് മുംബൈ പൊലീസ് ഇടപെട്ട് അര മണിക്കൂറില്‍ ബച്ചന്റെ പേജ് പൂര്‍വ്വസ്ഥിതിയിലാക്കി. ബച്ചന്റെയും സാമിയുടെയും അക്കൗണ്ടുകളില്‍ കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത് ഒരേ ചിത്രമാണ്.
ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലന്റില് തുര്‍ക്കിഷ് ഫുട്‌ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നുമുള്ള ട്വീറ്റുകൾ ബച്ചന്‍റെ ട്വിറ്ററില്‍ ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാല്‍ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.