ഒരു സിനിമ കണ്ടു കഴിഞ്ഞും അതിലെ ഭൂരിഭാഗം കഥാപാത്രങ്ങളുടെ പേരും മനസിൽ നിൽക്കുന്ന അനുഭവം വളരെ വിരളമാണ്. പാ രഞ്ജിത്തിന്‍റെ സാര്‍പട്ടാ പരമ്പരൈ കണ്ടവരാരും അതിലെ വലിയ കഥാപാത്രങ്ങൾ മുതൽ വെറും മിനിറ്റുകൾ മാത്രം സ്ക്രീനിൽ വന്നുപോകുന്ന കഥാപാത്രങ്ങളെ വരെ മറന്നുകാണില്ല.
ആര്യയുടെ കബിലൻ, ജോൺ കൊക്കെന്‍റെ വേമ്പുലി, പശുപതിയുടെ രംഗൻ വാദ്യാർ, അനുപമ കുമാറിന്‍റെ ബാക്യം, സന്തോഷ് പ്രതാപിന്‍റെ രാമൻ, കലൈയരസന്‍റെ വെട്രിസെൽവൻ, ദുഷാര വിജയന്‍റെ മാരിയമ്മ, ജോൺ വിജയ്‌യുടെ കെവിൻ ഡാഡി തുടങ്ങി ചിത്രത്തിലെ ഓരോ താരങ്ങളെയും അവർ അവതരിപ്പിച്ച വേഷങ്ങളെയും എടുത്തുപറയേണ്ടതാണ്.
- " class="align-text-top noRightClick twitterSection" data="">
സിനിമ കണ്ടിറങ്ങിയവരെല്ലാം സാർപട്ടായുടെ അവതരണത്തെയും അഭിനയപ്രകടനത്തെയും വാഴ്‌ത്തുമ്പോഴും കൂട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് മലയാളി കൂടിയായ ഷബീര്‍ കല്ലറക്കലിന്‍റെ 'ഡാന്‍സിങ് റോസി'നെ കുറിച്ചാണ്. ഷബീറിന്‍റെ അവതരണം അടുത്തകാലത്ത് കണ്ടിട്ടുള്ള ഏറ്റവും ശക്തമായ പെര്‍ഫോമന്‍സുകളില്‍ ഒന്നാണെന്ന് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നു.
നേരത്തെയും പല സിനിമകളിലും ഷബീർ അഭിനയിച്ചിട്ടുണ്ടെങ്കിലും കാണികളിലേക്ക് അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തിനായുള്ള 15 വർഷത്തെ കാത്തിരിപ്പാണ് ഡാൻസിങ് റോസ്.
അസാധാരണ പ്രകടനത്തിന് കുഡോസ് നൽകി ശരത് കുമാർ
ഷബീർ കല്ലറക്കലിന്‍റെ അസാമാന്യ പ്രകടനത്തിനും സമർപ്പണത്തിനും പ്രശംസ അറിയിക്കുകയാണ് തമിഴിലെ പ്രശസ്‌ത നടനും സംവിധായകനും തിരക്കഥാകൃത്തും രാഷ്‌ട്രീയപ്രവർത്തകനുമായ ശരത് കുമാർ.
'സമ്പൂർണ സമർപ്പണത്തോടെയും അവതരണത്തോടെയുമുള്ള അസാധാരണ പ്രകടനം. ഷബീർ കല്ലറയ്ക്കലിനെ ഏൽപ്പിച്ച കഥാപാത്രത്തെ അദ്ദേഹം അങ്ങേയറ്റം മികച്ചതാക്കി,' എന്ന് ശരത് കുമാർ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചു. ഡാൻസിങ് റോസിന്‍റെ ചിത്രങ്ങളും ശരത് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
ആര്യക്കും പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ മുഴുവൻ അണിയറപ്രവർത്തകർക്കും പ്രശംസ അറിയിക്കുന്നതായും ശരത് കുമാർ ഫേസ്‌ബുക്ക് പോസ്റ്റിനവസാനം കൂട്ടിച്ചേർത്തു.
More Read: ഒരു പാ രഞ്ജിത്ത് സിനിമ; 'സാർപട്ടാ പരമ്പരൈ'ക്കൊപ്പം ഇടിവി ഭാരത്
പേര് സൂചിപ്പിക്കുന്ന പോലെ ഡാൻസിങ് ശൈലിയോടെ ഇടിക്കൂട്ടിൽ എതിരാളിയെ തോൽപ്പിക്കുന്ന ബോക്‌സർ. പുറമെ വലിയ ആകാരഭംഗിയോ ശരീര വലിപ്പമോ ഇല്ലാത്ത കഥാപാത്രമാണിയാൾ. ഒരു ബോക്‌സറാണ് വേമ്പുലിക്കൊപ്പം നിൽക്കുന്നതെന്ന് ഒരുപക്ഷേ ഡാൻസിങ് റോസിന്‍റെ ആദ്യ സീനിൽ പ്രേക്ഷകന് മനസിലാവില്ല.
എന്നാൽ, ഡാൻസിങ് റോസുമായി കബിലൻ രണ്ട് റൗണ്ട് പോലും താണ്ടില്ലെന്ന് പറയുമ്പോഴാണ് ശരിക്കും ആ കഥാപാത്രത്തിന് ചിത്രത്തിൽ ഹൈപ്പ് കിട്ടുന്നത്. പിന്നീട് ചടുലമായ അഭിനയത്തോടെ ഷബീർ കല്ലറക്കൽ ഡാൻസിങ് റോസായി നിറഞ്ഞാടി പ്രേക്ഷകനിലേക്ക് പതിയുകയായിരുന്നു.