സിനിമാ മേഖലയിലെ കൊള്ളരുതായ്‌മകള്‍ക്കെതിരെയും സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും ബോളിവുഡ് നടി നീന ഗുപ്ത രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സിനിമാ മേഖലയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുഷ്കരമായ അനുഭവങ്ങളെ കുറിച്ചും മറ്റും നീന ഗുപ്ത തുറന്നടിച്ചത്.
'സിനിമാ മേഖല കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന സ്ഥലമാണ്. ഒരു വ്യവസായമായാണ് പലരും ഇതിനെ കൊണ്ടുനടക്കുന്നത്. അതിനാല്‍ അവിടെ നിലനില്‍പ്പ് ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ പലതും വില്‍ക്കാന്‍ തയാറാകണം. പ്രായമായവരുടെ വേഷത്തിലും യുവതികള്‍ തിളങ്ങുന്നത് പണം മുടക്കുന്നവരുടെ താത്പര്യങ്ങള്‍ അനുസരിക്കുന്നതിനാലാണ്' നീന ഗുപ്ത പറഞ്ഞു.
സംവിധായകന്‍ അനുരാഗ് കശ്യപില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവവും നടി തുറന്നുപറഞ്ഞു. 'സാന്ത് കി ആങ്ക്' എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് ചിത്രത്തിന്‍റെ സഹനിര്‍മാതാവായ അനുരാഗ് കശ്യപിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി കേട്ട് താന്‍ ഞെട്ടിയെന്ന് നീന പറയുന്നു.
'ചിത്രത്തില്‍ പ്രായമുള്ള സ്ത്രീ കഥാപാത്രം ചെയ്യുന്നതിന് അവസരം ചോദിച്ചാണ് അനുരാഗ് കശ്യപിനെ വിളിച്ചത്. ആ കഥാപാത്രം ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞു. എന്നാല്‍ തന്‍റെ കഥാപാത്രത്തിന് വേണ്ടത് പ്രായമായ സ്ത്രീയെയാണെങ്കിലും ചിത്രത്തിനായി പണം മുടക്കുന്നവര്‍ക്ക് വേണ്ടത് യുവതികളെയാണെന്നായിരുന്നു അനുരാഗ് കശ്യപിന്‍റെ മറുപടി. അതുകൊണ്ടാണ് ഞാന്‍ ഈ മേഖല വ്യവസായമാണെന്ന് പറയുന്നതെന്നും, വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഈ മേഖലയില്‍ നിന്ന് എല്ലാം നേടാന്‍ കഴിയുമെന്നും നീന ഗുപ്ത പറഞ്ഞു.