മുംബൈ: കേന്ദ്രസർക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിനായി കാമാത്തിപുര സീരീസിന്‍റെ റിലീസ് നീട്ടി. നാളെ ഒടിടി റിലീസായി പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച വെബ് സീരീസിന്‍റെ റിലീസ് തിയതി മാറ്റിവെച്ചുവെന്ന് നടി മീര ചോപ്ര അറിയിച്ചു.
ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സീരീസ് പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, സീരീസിലെ പ്രമേയത്തിന്‍റെ ഉത്തരവാദിത്തം ഹോട്ട്സ്റ്റാറിനായിരിക്കുമെന്നതിനാൽ കാമാത്തിപുര നാളെ റിലീസ് ചെയ്യില്ലെന്നും സീരീസിലൂടെ ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മീര ചോപ്ര പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ മാർഗനിർദേശം പാലിച്ചുകൊണ്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തി കാമാത്തിപുര ഉടൻ തന്നെ പ്രദർശിപ്പിക്കുമെന്നും പുതുക്കിയ തിയതി അറിയിക്കാമെന്നും താരം ട്വിറ്ററിൽ പറഞ്ഞു. സീരീസ് റിലീസ് നീട്ടിവെച്ചതിൽ ഖേദിക്കുന്നുവെന്നും മീര ചോപ്ര കൂട്ടിച്ചേർത്തു.
മീരക്കൊപ്പം കുൽഭൂഷൻ ഖർബന്ദ, തനുജ് വിർവാനി എന്നിവരാണ് സീരീസിൽ പ്രധാന താരങ്ങളാകുന്നത്. ശ്രാവൻകുമാർ തിവാരിയാണ് കാമാത്തിപുര എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.