മുംബൈ: പ്രമുഖ ബോളിവുഡ് ഗാനരചയിതാവ് അൻവർ സാഗർ (70) അന്തരിച്ചു. കഴിഞ്ഞ ദിവസം കോകിലാബെൻ ധീരുബായി അംബാനി ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് അന്ത്യം. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഹിന്ദി ചലച്ചിത്ര ഗാനങ്ങളിൽ സമഗ്ര സംഭാവന നൽകിയ അൻവർ സാഗർ, ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്സ് സൊസൈറ്റിയി (ഐപിആര്‍എസ്)ലെ സജീവ അംഗമായിരുന്നു. ഗായകനും ഐപിആര്‍എസ് ബോർഡ് അംഗവുമായ സയ്യിദ് അഹ്മദാണ് മരണവാർത്ത പുറത്തുവിട്ടത്.
അക്ഷയ് കുമാറിന്‍റെ ഖിലാഡി,അജയ് ദേവ്ഗണിന്‍റെ വിജയ്‌പഥ്, ഡേവിഡ് ധവാന്‍റെ യാരാനാ, ജാക്കി ഷ്റോഫിന്‍റെ സപ്‌നെ സാജൻ കെ. എന്നീ സിനിമകൾക്കായി ഗാനരചന നിർവഹിച്ചിട്ടുണ്ട്. അക്ഷയ് കുമാർ അഭിനയിച്ച വാദാ രഹാ സനം എന്ന പ്രണയ ഗാനം അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്‌തമായ കലാസൃഷ്‌ടിയാണ്. സംഗീതമേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സാഗറുമായി മിക്കപ്പോഴും ചർച്ച നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണം സംഗീത ലോകത്തിന് തീരാനഷ്‌ടമാണെന്നും സയ്യിദ് അഹ്മദ് പറഞ്ഞു.