Second half of RRR not screened: 'ആര്‍ആര്‍ആര്‍' സിനിമയുടെ മുഴുവന്‍ ഭാഗവും പ്രദര്‍ശിപ്പിക്കാതെ അമേരിക്കന്‍ തിയേറ്റര്‍. അമേരിക്കയിലെ നോര്‍ത്ത് ഹോളിവുഡിലെ സിനിമാര്‍ക്ക് തിയേറ്ററിലാണ് സംഭവം. 'ആര്‍ആര്‍ആറി'ന്‍റെ ആദ്യ പകുതി പ്രദര്‍ശിപ്പിച്ച ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് സിനിമ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്ര ട്വീറ്റ് ചെയ്തു.
അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവം എന്നാണ് അനുപമ ചോപ്ര ഇതിനെ കുറിച്ച് പ്രതികരിച്ചത്. സിനിമയുടെ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി കാണിച്ചില്ല. കാരണം, രണ്ടാം ഭാഗം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. മാനേജറോട് ചോദിച്ചപ്പോള്‍ സിനിമ ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നാണ് പറഞ്ഞത് - അനുപമ പറയുന്നു.
RRR box office collection: 'ആര്‍ആര്‍ആര്‍' ബോക്‌സ് ഓഫീസില്‍ കോടികള്‍ തൂത്തുവാരുകയാണ്. 248 കോടിയാണ് 'ആര്‍ആര്‍ആറി'ന്‍റെ ആദ്യ ദിന ആഗോള ബോക്‌സ് ഓഫീസ് കലക്ഷന്‍. 127 കോടി രൂപയാണ് തെലുങ്കില്‍ നിന്നും ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ഹിന്ദിയില്‍ നിന്നും 22 കോടി, കര്‍ണാടകയില്‍ നിന്നും 16 കോടി, തമിഴ്‌നാടില്‍ നിന്നും 9 കോടി, കേരളത്തില്‍ നിന്നും നാല് കോടി, ഓവര്‍സീസ് അവകാശങ്ങളില്‍ നിന്നും 69 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. നിരവധി തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും 'ആര്‍ആര്‍ആര്‍' ബോക്‌സ് ഓഫീസ് കലക്ഷനെ ടിക്കറ്റ് നിരക്ക് തെല്ലും ബാധിച്ചില്ല.
Celebrities wishes on RRR success: 'ആര്‍ആര്‍ആറി'ന്‍റെ ഗംഭീര വിജയത്തില്‍ ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. 'മഹാരാജ' മൗലി എന്നായിരുന്നു ശങ്കറിന്‍റെ പ്രതികരണം. 'രാംചരണ്‍ തകര്‍ത്തു' എന്ന് അല്ലു അര്‍ജുനും പ്രതികരിച്ചു. 'ഇമോഷണല്‍ മാസ് എന്‍റര്‍ടെയ്‌നര്‍' എന്നായിരുന്നു അറ്റ്‌ലി പ്രതികരിച്ചത്.
RRR screening: ലോകത്താകമാനം 10,000 സ്‌ക്രീനുകളിലാണ് 'ആര്‍ആര്‍ആര്‍' റിലീസിനെത്തിയത്. കേരളത്തില്‍ മാത്രം 500ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ചൊരു വിഷ്വല്‍ ട്രീറ്റ് ആണ് 'ആര്‍ആര്‍ആര്‍' എന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. 'ബാഹുബലി'ക്ക് ശേഷമെത്തിയ രാജമൗലി ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഫലം കണ്ടു. ആരാധകരും സിനിമാസ്വാദകരും ഒരുപോലെ 'ആര്‍ആര്‍ആറി'നെ ഏറ്റെടുത്തു.
രാംചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്. അല്ലൂരി സീതാരാമ രാജു ആയി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് വേഷമിടുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കോമരം ഭീമും അല്ലൂരി സീതാരാമ രാജുവും.
RRR cast and crew: രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കൂടാതെ ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, സമുദ്രക്കനി, ശ്രീയ ശരണ്‍, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അച്ഛന്‍ ക.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക് രാജമൗലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കീരവാണി ആണ് സംഗീതം. വി.ശ്രീനിവാസ് മോഹന്‍ ആണ് വിഎഫ്‌എക്‌സ്. രാമ രാജമൗലി ആണ് കോസ്‌റ്റ്യൂം.