മുംബൈ സ്വദേശിയാണെങ്കിലും തെന്നിന്ത്യൻ നടിയായിട്ടാണ് തമന്ന ഭാട്ടിയയെ എല്ലാവരും കാണുന്നത്. കരിയറില്‍ ഉയർച്ചയുടെ ഗ്രാഫിലുള്ള താരം അടുത്തിടെ മുംബൈ വെർസോവയില്‍ ഒരു അപ്പാർട്മെന്‍റ് സ്വന്തമാക്കി. നിലവിലുള്ളതിന്‍റെ ഇരട്ടി വിലനല്‍കിയാണ് തമന്ന തന്‍റെ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2055 സ്ക്വയർ ഫീറ്റുള്ള അപാർട്ട്മെന്‍റെ ഏകദേശം 16 കോടിയോളം രൂപയ്ക്കാണ് തമന്ന വാങ്ങിയത്. 22 നിലയുള്ള കെട്ടിടത്തിന്‍റെ 14ാം നിലയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അപ്പാർട്മെന്റ് രജിസ്റ്റർ ചെയ്യുന്നതിനായി 99.06 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചിട്ടുണ്ട്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് അപ്പാർട്മെന്റ് വാങ്ങിയിരിക്കുന്നത്. നാല് വശത്ത് നിന്ന് നോക്കിയാലും കടൽ കാണാം എന്നതാണ് മോഹവില നല്‍കി തമന്ന ഈ ഫ്ലാറ്റ് സ്വന്തമാക്കാൻ കാരണം.
ഇപ്പോൾ ലോകന്ദ്‌വാല കോംപ്ലക്സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അധികം വൈകാതെ തന്നെ കുടുംബം പുതിയ അപ്പാർട്മെന്റിലേക്ക് മാറിയേക്കും. ഹിന്ദി ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആയ മഹാലക്ഷ്മിയാണ് തമന്നയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.