ന്യൂഡല്‍ഹി: സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയിൽ മറുപടി മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് സുപ്രീംകോടതി. ബിഹാർ, മഹാരാഷ്ട്ര സര്‍ക്കാരുകള്‍, അന്തരിച്ച നടൻ സുശാന്ത് സിങിന്‍റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ഋഷികേശ് റോയിയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് ഫയൽ മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാന്‍ മുംബൈ പൊലീസിനോടും ബെഞ്ച് ആവശ്യപ്പെട്ടു. പ്രതിഭാശാലിയും പ്രഗത്ഭനുമായ ഒരു കലാകാരൻ അസാധാരണമായ സാഹചര്യത്തില്‍ മരിച്ചത് വളരെ നിർഭാഗ്യകരമാണെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം സുശാന്തിന്‍റെ മരണം സിബിഐ അന്വേഷിക്കും. ബിഹാർ സർക്കാരിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. സുശാന്തിന്‍റെ പണം ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് റിയക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. തനിക്ക് ബിഹാറില്‍ ന്യായമായ വിചാരണ ലഭിക്കില്ലെന്നും അതിനാല്‍ ബിഹാറിൽ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നുമാണ് റിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഒരു മണിക്കൂറോളം നീണ്ട വാദത്തില്‍ മഹാരാഷ്ട്ര പൊലീസ് കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കുന്നുവെന്നും മുംബൈ പൊലീസ് ബിഹാര്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നും സുശാന്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണത്തിന് ആവശ്യമായ പ്രവൃത്തികള്‍ നടക്കാത്തതിനാല്‍ ബിഹാര്‍ പൊലീസിന് റിയയുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. 34കാരനായ സുശാന്ത് കഴിഞ്ഞ ജൂണ്‍ 14 ആണ് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്.