അന്തരിച്ച ഇതിഹാസ ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ചികിത്സാ ചിലവ് സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മകന്‍ എസ്.പി ചരണ്‍. 'ചികിത്സയിൽ കഴിഞ്ഞ കാലത്തെ ആശുപത്രി ബിൽ തുക എസ്‌പിബിയുടെ കുടുംബത്തിന് പൂർണമായും അടക്കാൻ പറ്റിയിട്ടില്ലെന്നും പണം അടക്കാതിരുന്നതിനാൽ അദ്ദേഹത്തിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തിറക്കാൻ വൈകിയെന്നും പിന്നീട് തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്നും ശേഷം ഉപരാഷ്ട്രപതി ഇടപെട്ട ശേഷമാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ട് നൽകിയതുമെന്നായിരുന്നു' അഭ്യൂഹങ്ങള്‍ പരന്നത്.
അച്ഛനെ കുറിച്ച് ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തെറ്റാണെന്ന് എസ്.പി ചരണ്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. അച്ഛനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഞങ്ങളെ ഇത്തരം വാര്‍ത്തകള്‍ വല്ലാതെ വിഷമത്തിലാക്കുന്നുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ക്കെതിരെ തന്‍റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും ചരണ്‍ വീഡിയോയിലൂടെ വ്യക്തമാക്കി. ആഗസ്റ്റ് അഞ്ച് മുതൽ ഈമാസം 25 വരെയാണ് എസ്.പി ബാലസുബ്രഹ്മണ്യം ചെന്നൈ എംജിഎം ആശുപത്രിയിൽ കഴിഞ്ഞത്. സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.04 ഓടെയാണ് എസ്‌പിബി അന്തരിച്ചത്.