ലഖ്‌നൗ : ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. വെൽനസ് കേന്ദ്രത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നടിയെയും അമ്മയെയും ചോദ്യം ചെയ്യാൻ ലഖ്‌നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും.
ഇരുവർക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തതായും തുടർന്ന് ലഖ്‌നൗ പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നുമാണ് റിപ്പോർട്ട്.
വെൽനസ് സെന്‍ററിന്‍റെ പേരിൽ തട്ടിപ്പ്
ലോസിസ് വെൽനസ് സെന്‍റർ സ്ഥാപനത്തിന്‍റെ ചെയർപേഴ്‌സണാണ് ശിൽപ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്‌ടർ. വെൽനസ് സെന്‍ററിന്‍റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്‍റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. പുതിയ സെന്‍ററിന്‍റെ പേരിൽ രണ്ടുപേരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ശിൽപയും മാതാവും തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് ജ്യോത്സ്ന ചൗഹാൻ, രോഹിത് വീർ സിങ് എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിനായി ഹസ്രത്ഗഞ്ച് പൊലീസും വിഭൂതി ഖണ്ഡ് പൊലീസും നടിക്കും അമ്മയ്‌ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കോടതി തള്ളിയിട്ടുണ്ട്.