ന്യൂഡല്‍ഹി: ബോളിവുഡ് നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിന് വിവാദ വെബ് സീരിസിലെ രംഗവുമായി ബന്ധപ്പെട്ടുള്ള കേസിലെ അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നല്‍കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഏക്താ കപൂറിന് ഇടക്കാല സംരക്ഷണം അനുവദിച്ചത്.
വിവാദ വെബ് സീരിസിലെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏക്തയുടെ ഹർജി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നവംബറിൽ തള്ളിയിരുന്നു. ഇതോടെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സീരിസിലെ ഒരു രംഗം സെന്‍സര്‍ ചെയ്‌തില്ലെന്നും ഒരു വിഭാഗത്തിന്‍റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ഏക്താക്കെതിരെ പരാതി ഉയര്‍ന്നത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇൻഡോറിലെ അന്നപൂർണ പൊലീസ് സ്റ്റേഷനിലാണ് ഏക്തക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.