മുംബൈ: ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാനെ (71) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്‌ച മുംബൈയിലെ ബാന്ദ്ര ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും സരോജ് ഖാന്‍റെ അടുത്ത ബന്ധു അറിയിച്ചു. രണ്ട് മൂന്ന് ദിവസത്തിനകം ഡിസ്‌ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
നാഗിന, മിസ്റ്റർ ഇന്ത്യ ചിത്രങ്ങളിലൂടെയാണ് എഴുപതുകളുടെ അവസാനത്തോടെ സരോജ് ഖാൻ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ശ്രീദേവി, മാധുരി ദീക്ഷിത് എന്നീ താരങ്ങളുടെ ഗാനരംഗങ്ങൾക്കും സരോജ് ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചത്. കങ്കണാ റണാവത്തിന്‍റെ മണികർണിക, തനു വെഡ്‌സ് മനു റിട്ടേൺസ്, മാധുരി ദീക്ഷിതിന്‍റെ കലങ്ക് എന്നിവയാണ് സരോജ് ഖാൻ അടുത്തിടെ നൃത്തസംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രങ്ങൾ. മൂന്നു തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നൃത്തസംവിധായിക കൂടിയാണ് സരോജ് ഖാന്‍.