സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണശേഷം സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ബോളിവുഡിലും ഇന്ത്യന്‍ സിനിമയിലും ചൂടുപിടിക്കുമ്പോൾ പ്രതികരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സെയ്‌ഫ് അലി ഖാന്‍. താനും സ്വജനപക്ഷപാതത്തിനിരയാണെന്നും ആരും തന്നെക്കുറിച്ച് സംസാരിച്ച് കണ്ടില്ലെന്നും നടൻ പറയുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങുന്ന പുതിയ തലമുറ ബോളിവുഡിലുണ്ടെന്നും അവര്‍ സജീവമായി രംഗത്ത് തന്നെയുണ്ടെന്നും സെയ്‌ഫ് പറയുന്നു. മുതിര്‍ന്ന നടി ഷർമ്മിള ടാഗോറിന്‍റെയും ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും മകനാണ് സെയ്‌ഫ് അലി ഖാൻ. സുശാന്തിനൊപ്പം ദില്‍ ബേചാരാ എന്ന റിലീസിനൊരുങ്ങുന്ന പുതിയ സിനിമയില്‍ സെയ്‌ഫ് അഭിനയിക്കുകയും ചെയ്‌തിരുന്നു. സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നും സെയ്‌ഫ് അലി ഖാന്‍ പറയുന്നു. സുശാന്ത് അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്പരനായിരുന്നുവെന്നും സെയ്‌ഫ് പ്രതികരിച്ചു. ദില്‍ ബേചാരയുടെ റിലീസ് ജൂലായ് 24നാണ്.
നടി കങ്കണ റണാവത്ത്, വിവേക് ഒബ്റോയി തുടങ്ങിയ താരങ്ങൾ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയർത്തി രംഗത്ത് വന്നിരുന്നു. മുമ്പ് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കരൺ ജോഹറും കങ്കണയും ഇതേചൊല്ലി വാഗ്വാദവുമുണ്ടായിട്ടുണ്ട്.