മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്‍റെ ജീവിതകഥ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന ട്രിലോജി ഒരു ബഹുഭാഷാ ചിത്രമായിരിക്കുമെന്ന് വ്യക്തമാക്കി നടൻ റിതേഷ് ദേശ് മുഖ്. നാഗരാജ് മഞ്ജുലെ സംവിധാനം ചെയ്യുന്ന ട്രിലോജിയിലെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വർഷം അവസാനം ആരംഭിക്കും. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. മുംബൈ ഫിലിം കമ്പനിയുടെ നിർമാണത്തിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത് അജയ്- അതുൽ ആയിരിക്കും.
"ഹിന്ദിയിലും മറാത്തിയിലും ചിത്രം പുറത്തിറക്കാം എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾക്ക് അത് മറ്റ് ഭാഷകളിലും ആവശ്യമെന്ന് തോന്നിയതിനാൽ അതിന് ശ്രമിക്കും. ഇന്നത്തെ കർണാടകയിലാണ് ശിവാജി മഹാരാജിന്‍റെ അച്ഛൻ താമസിച്ചിരുന്നത്. അവിടെയും തെലുങ്ക് പ്രദേശങ്ങളിലും അദ്ദേഹത്തിന്‍റെ കീഴിൽ ഒരുപാട് കോട്ടകളും ഉണ്ട്." ചിത്രം ബഹുഭാഷയാക്കാൻ ഇതും കാരണമായി എന്ന് റിതേഷ് വ്യക്തമാക്കി. മൂന്ന് ഭാഗങ്ങളാക്കി പുറത്തിറക്കുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഛത്രപതി ശിവാജി മഹാരാജിന്‍റെ ചെറുപ്പകാലവും അടുത്തതിൽ അദ്ദേഹം മറാത്തി രാജവംശം സ്ഥാപിച്ചതും മൂന്നാം ഭാഗത്തിൽ രാജ്യം മുഴുവൻ അധീനതയിൽ ആക്കിയ മഹാരാജിന്‍റെ കഥയുമാണ് പറയുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.