മുംബൈ: ബോളിവുഡ് കിംഗ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ആര്യന്‍ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് താന്‍ ഷാരൂഖിനോട് പറഞ്ഞിട്ടുണ്ടെന്നും മകനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ ഷാരൂഖ് ഖാന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. 'ചെറുപ്രായത്തില്‍ മയക്കുമരുന്ന് ശീലിക്കുന്നത് നല്ലതല്ല. ആര്യന്‍ ഖാന് നല്ലൊരു ഭാവിയുണ്ട്. ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും.' -ഇപ്രകാരമാണ് ഒരു വാര്‍ത്താ ഏജന്‍സിയോട് രാംദാസ് അത്താവാലെ പറഞ്ഞത്.
ഒക്‌ടോബര്‍ രണ്ടിന് ഗോവയിലേക്ക് പോവുകയായിരുന്ന കോര്‍ഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലില്‍ ഒക്‌ടോബര്‍ രണ്ടിന് നടന്ന വിരുന്നിലാണ് എന്‍സിബി ലഹരി മരുന്ന് കണ്ടെടുക്കുകയും തുടര്‍ന്ന് ഒക്‌ടോബര്‍ മൂന്നിന് ആര്യന്‍ ഖാന്‍ അറസ്റ്റിലാകുന്നതും. അഞ്ചോ ആറോ തവണയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചത്. അതിനര്‍ത്ഥം എന്‍ സി ബിയുടെ പ്രവൃത്തികള്‍ ശരിയാണെന്നാണ് മന്ത്രി പറയുന്നത്.
നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ് ആര്യന്‍ ഖാന്‍. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് എന്‍സിബി ഇതുവരെ അറസ്‌റ്റ് ചെയ്തത്.