മുംബൈ : മുംബൈ പൊലീസ് 2020ൽ രജിസ്റ്റർ ചെയ്‌ത നീലച്ചിത്ര നിർമാണ കേസിൽ വ്യവസായി രാജ് കുന്ദ്രയ്ക്ക് ഇടക്കാല ആശ്വാസം. രാജ് കുന്ദ്രയെ ഓഗസ്റ്റ് 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. രാജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് താൽക്കാലിക സംരക്ഷണം.
കേസിലെ മറ്റ് പ്രതികൾ ഇതിനകം ജാമ്യത്തിലാണെന്നും, കുന്ദ്രയ്‌ക്കെതിരായ കുറ്റങ്ങൾക്ക് ഏഴ് വർഷത്തിൽ താഴെയാണ് ശിക്ഷയെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിയുടെ പങ്ക് കേസിലെ കൂട്ടുപ്രതികളിൽ നിന്നും വ്യത്യസ്‌തമെന്ന് എതിർഭാഗം
പ്രതിയുടെ പങ്ക് കേസിലെ കൂട്ടുപ്രതികളിൽ നിന്നും വ്യത്യസ്‌തമാണെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രജക്ത ഷിൻഡെ കുന്ദ്രയുടെ ഹർജിയെ എതിർത്തു. കേസിൽ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
ഇതോടെ ജസ്റ്റിസ് എസ്. ഷിൻഡെ കൂടുതൽ സമയം അനുവദിക്കുകയും അടുത്ത വാദം കേൾക്കുന്ന ഓഗസ്റ്റ് 25 വരെ രാജ് കുന്ദ്രയുടെ അറസ്റ്റ് തടയുന്നതായും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
More Read: നീലച്ചിത്ര നിർമാണം : രാജ് കുന്ദ്രയുടെ ഹര്‍ജി തള്ളി, ജുഡീഷ്യൽ കസ്റ്റഡി തുടരും
കഴിഞ്ഞ ആഴ്‌ച രാജ് കുന്ദ്ര കീഴ്‌ക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിരാകരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹോട്ട്‌ഷോട്ട് ആപ്പുമായി ബന്ധപ്പെടുത്താൻ തെളിവുകളില്ലെന്നും കേസിൽ ബലിയാടാക്കുകയാണെന്നുമായിരുന്നു വാദം.
അതേസമയം ഈ വര്‍ഷം മുംബൈ പൊലീസിന്‍റെ സൈബർ ക്രൈം സെൽ രജിസ്റ്റർ ചെയ്‌ത കേസിൽ ജൂലൈ 19ന് അറസ്റ്റിലായ രാജ് കുന്ദ്ര റിമാന്‍ഡിലാണ്.