മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ നസറുദ്ദീൻ ഷാ ആശുപത്രി വിട്ടു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതായി മകൻ വിവാൻ ഷാ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഭാര്യക്കൊപ്പം വീട്ടിലെ മുറിയിൽ വിശ്രമിക്കുന്ന നസറുദ്ദീൻ ഷായുടെ ചിത്രവും മകൻ ആരാധകർക്കായി പങ്കുവച്ചു.
കഴിഞ്ഞ ജൂണിലാണ് ന്യുമോണിയ ബാധിച്ച് താരത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1970- 80 കാലഘട്ടങ്ങളിൽ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നസറുദ്ദീൻ ഷായെ രാജ്യം പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് ദേശീയ അവാർഡുകളും മികവുറ്റ പ്രകടനത്തിലൂടെ താരം കരസ്ഥമാക്കി.
More Read: നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി
സിനിമക്ക് പുറമെ, നാടകരംഗത്തും നസറുദ്ദീൻ ഷാ നിർണായകസംഭാവനകൾ നൽകിയിട്ടുണ്ട്. ഇഷ്ക്കിയ, ദി ഡേർട്ടി പിക്ച്ചർ, സിന്ദഗി ന മിലേഗി ദൊബാര എന്നീ പുതിയ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത രാംപ്രസാദ് കി തെഹർവിയാണ് നസറുദ്ദീൻ ഷായുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.