ചെന്നൈ : ആമസോണ്‍ പ്രൈം സീരീസ് ദി ഫാമിലി മാൻ 2നെതിരെ പ്രതിഷേധം തുടരുകയാണ്. സീരീസിന്‍റെ ഹിന്ദി ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ തമിഴ് വിരുദ്ധ പ്രമേയമാണ് രണ്ടാം സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമായാണ് പ്രതിഷേധം ഉയരുന്നത്. ദി ഫാമിലി മാൻ 2 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിലർ കച്ചി സ്ഥാപകൻ സീമാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രാജ്യസഭ എംപിയും എംഡിഎംകെ നേതാവുമായ വൈക്കോയും ഇത് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സീരീസില്‍ തമിഴരെ തീവ്രവാദികളായാണ് കാണിക്കുന്നതെന്നും റിലീസ് തടയണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് വൈക്കോ കത്തെഴുതി. തമിഴരെ പാകിസ്ഥാനുമായി ബന്ധമുള്ള ഐഎസ്ഐ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുകയാണെന്നും ഇത് ആ വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വൈക്കോ പറഞ്ഞു. കേന്ദ്രസർക്കാർ സീരീസിന്‍റെ റിലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.
More Read: വീ ലവ് ഫാമിലിമാൻ: പിന്തുണക്കുന്നവർക്ക് നന്ദി അറിയിച്ച് മനോജ് ബാജ്പേയി
സീരീസില്‍ എൽടിടിഇയെ പ്രതിനിധീകരിച്ച് അഭിനയിച്ച സാമന്തയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമന്ത മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.