ബി.ആര്‍ ചോപ്ര സംവിധാനം ചെയ്‌ത മഹാഭാരതം പരമ്പരയില്‍ ഇന്ദ്രനായി വേഷമിട്ട് ശ്രദ്ധ നേടിയ ബോളിവുഡ് നടന്‍ സതീഷ് കൗള്‍ അന്തരിച്ചു. 74 വയസായിരുന്നു. ആറ് ദിവസം മുമ്പ് കടുത്ത പനി മൂലം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ലുധിയാനയില്‍വച്ചായിരുന്നു അന്ത്യം. താരത്തിന്‍റെ സഹോദരി സത്യ ദേവിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഹിന്ദി, പഞ്ചാബി ഭാഷകളിലായി 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2011ല്‍ സതീഷ് പഞ്ചാബില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒരു അഭിനയ പാഠശാല ആരംഭിക്കുകയും അത് വലിയ നഷ്ടം സതീഷിന് സൃഷ്ടിക്കുകയും ചെയ്‌തു. ശേഷം കടബാധ്യതകള്‍ കൊണ്ട് സതീഷിന്‍റെ ജീവിതം ദുസ്സഹമായിരുന്നു. പിന്നീട് ചെറിയ ജോലികള്‍ ചെയ്‌ത് വരുമാനം കണ്ടെത്തിയാണ് താരം ഉപജീവനം നടത്തിയിരുന്നത്. അഞ്ച് വര്‍ഷം മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ വരുമാനം പൂര്‍ണമായും നിലച്ചിരുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പരാധീനതകള്‍ മൂലം പ്രയാസത്തിലായ താരം സഹായം അഭ്യര്‍ഥിച്ചിരുന്നു.