ബെംഗളൂരു: കൃത്യമായ രേഖകളില്ലാതെ നിരത്തിലിറങ്ങിയ ആഢംബര കാറുകൾ പിടിച്ചെടുത്ത് കർണാടക സർക്കാർ. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്‍റെ പേരിലുള്ള വാഹനം മുതൽ ഏഴ് ആഡംബര കാറുകളാണ് ഞായറാഴ്‌ച കർണാടക ട്രാൻസ്പോർട്ട് വകുപ്പ് പിടിച്ചെടുത്തത്.
ബിഗ് ബിയുടെ റോൾ റോയ്‌സിനും കർണാടക ട്രാൻസ്പോർട്ട് വകുപ്പിന്‍റെ പിടിവീണു
ബിഗ് ബിയുടെ പേരിലുള്ള റോൾസ് റോയ്‌സ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ബെംഗളൂരു നഗരത്തിൽ യാത്രയ്‌ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇതുവരെ അധികാരികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഉമ്ര ഡെവലപേഴ്‌സിന്‍റെ ഉടമയായ ബാബുവാണ് ആറ് കോടി രൂപയ്ക്ക് ഈ വാഹനം അമിതാഭ് ബച്ചനിൽ നിന്ന് വാങ്ങിയത്. വാഹനം പിടിച്ചെടുക്കുമ്പോൾ ബാബുവിന്‍റെ മകൻ സൽമാൻ ഖാനായിരുന്നു കാർ ഓടിച്ചിരുന്നത്.
ഏകലവ്യ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ 2007ൽ സംവിധായകൻ വിധു വിനോദ് ചോപ്ര അമിതാഭ് ബച്ചന് സമ്മാനിച്ചതാണ് റോൾ റോയ്‌സ് കാർ. 2019ൽ ഇത് ബാബുവിന് വിറ്റുവെങ്കിലും, ഇപ്പോഴും വാഹനം താരത്തിന്‍റെ പേരിൽ തന്നെയാണ്.
കാർ അമിതാഭ് ബച്ചന്‍റെ പേരിൽ നിന്ന് ബാബുവിലേക്ക് മാറ്റിയതിൽ വ്യക്തമായ രേഖകളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു സംസ്ഥാനത്തിന്‍റെ രജിസ്ട്രേഷനിലുള്ള വാഹനം 11 മാസങ്ങളായി നഗരത്തിൽ യാത്രയ്‌ക്ക് ഉപയോഗിക്കുന്നുവെന്നും ഇതിന് കൃത്യമായ ഇൻഷുറൻസോ മറ്റ് രേഖകളോ ഇല്ലെന്നും അവർ വ്യക്തമാക്കി.
More Read: 'സലാറി'ൽ ഡാഡി ഗിരിജ ഞെട്ടിക്കും; രാജമന്നാർ പോസ്റ്റർ പുറത്ത്
പിടിച്ചെടുത്ത ഏഴ് ആഢംബര വാഹനങ്ങളിൽ അഞ്ചെണ്ണം പുതുച്ചേരിയിൽ നിന്നുള്ളതും മറ്റ് രണ്ട് വാഹനങ്ങൾ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലും ഉള്ളതാണ്. നികുതി അടയ്‌ക്കാത്തതും, ഇൻഷുറൻസ് ഇല്ലാത്തതും, കൃത്യമായ രേഖകൾ ഇല്ലാത്തതുമായ വാഹനങ്ങളാണ് കർണാടക ട്രാൻസ്പോർട്ട് വകുപ്പ് കസ്റ്റഡിയിലെടുത്തത്.