മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് യൂത്ത് സ്റ്റാര്‍ കാര്‍ത്തിക് ആര്യന്‍. നവമാധ്യമങ്ങളിലൂടെ നിരവധി പിറന്നാള്‍ ആശംസകളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ത്തിക്. ധമാക്ക എന്നാണ് സിനിമയുടെ പേര്. റാം മദ്‌വനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആര്യ എന്ന വെബ്‌സീരിസിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് റാം മദ്‌വനി.
ചിത്രം നിര്‍മിക്കുന്നത് സംവിധായകനും റോണി സ്ക്രൂവാലയും ചേര്‍ന്നാണ്. ദൂരെ കത്തിയെരിയുന്ന പാലത്തെ അകലെ കെട്ടിടസമുച്ചയത്തില്‍ നിന്നും വീക്ഷിക്കുന്ന കാര്‍ത്തിക്കാണ് ധമാക്കയുടെ മോഷന്‍ പോസ്റ്ററിലുള്ളത്. സ്യൂട്ടും കണ്ണടയും ധരിച്ചാണ് കാര്‍ത്തിക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഗോയിങ് ലൈവ് 2021' എന്നാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്ന സൂചനയാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
- " class="align-text-top noRightClick twitterSection" data="
">
ലവ് ആജ് കല്‍ ആണ് അവസാനമായി പുറത്തിറങ്ങിയ കാര്‍ത്തിക് ആര്യന്‍ ചിത്രം. സാറാ അലി ഖാനായിരുന്നു ചിത്രത്തില്‍ നായിക. 2011ല്‍ റിലീസ് ചെയ്‌ത 'പ്യാര്‍ ക പുച്‌നാമ' എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് ലൂക്കാ ചുപ്പി അടക്കം നിരവധി ചിത്രങ്ങള്‍ താരത്തിന്‍റെതായി റിലീസിനെത്തി.