വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച കന്നട നടന്‍ സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്‌തു. ശനിയാഴ്ച നടന്ന അപകടത്തില്‍ തലയ്‌ക്ക് സാരമായി പരിക്കേറ്റ വിജയ്‌ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അവയവദാനത്തിനുള്ള സന്നദ്ധത കുടുംബം അറിയിച്ചത്.
'ന്യൂറോ ഐസിയുവിൽ എല്ലാവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും പിന്തുണയോടെയാണ് വിജയ് കഴിയുന്നത്. അദ്ദേഹം അബോധാവസ്ഥയിൽ മസ്തിഷ്‌ക മരണം സംഭവിച്ചതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നു. നിലവിലെ തലച്ചോറിന്‍റെ തകരാറുകൾ കണക്കിലെടുത്ത് കുടുംബം മുന്നോട്ട് വന്ന് അവയവ ദാനത്തിന് സമ്മതം നൽകി...' വിജയ്‌യെ ചികിത്സിച്ച ഡോ.അരുൺ നായിക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിജയ്‌യുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതായി അദ്ദേഹത്തിന്‍റെ സഹോദരൻ സിദ്ധേഷ് കുമാറും മാധ്യമങ്ങളെ അറിയിച്ചിരുന്നു. 'അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ചെറു കണികയുടെ സാധ്യത മാത്രമാണുള്ളതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അദ്ദേഹം എല്ലായ്പ്പോഴും സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിച്ചിരുന്നയാളാണ്. കൊവിഡിന്‍റെ സമയങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മുഴുവൻ സമയം പ്രവർത്തിച്ചിരുന്നു.
അതിനാൽ, അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അത് അദ്ദേഹത്തിന് സമാധാനം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മരണത്തിലും അദ്ദേഹം നിരവധിപേര്‍ക്ക് പുതുജീവന്‍ നല്‍കുകയാണ്. ഈ വിഷമഘട്ടത്തില്‍ എനിക്കും കുടുംബത്തിനും താങ്ങായവര്‍ക്ക് നന്ദി അറിയിക്കുന്നു...' സിദ്ധേഷ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി 11.45 ഓടെ സുഹൃത്ത് നവീനുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ബൈക്ക് ഒരു വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. നവീന്‍റെ കാലിന് ഒടിവുണ്ട്. എന്നാല്‍ വിജയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. മരുന്ന് വാങ്ങാനായി പോകവെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്ത് നവീനിനെതിരെ കേസെടുത്തു.
Also read: ദേശീയ പുരസ്‌കാര ജേതാവും കന്നട നടനുമായ സഞ്ചാരി വിജയ്‌ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
സഞ്ചാരി വിജയ് സിനിമാ ജീവിതം
നാടക രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയ നടനാണ് സഞ്ചാരി വിജയ്. ആദ്യ ചിത്രം 2011ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹോഗിബ്ത്നയാണ്. അതിന് ശേഷം രാമ രാമ രഘു രാമ എന്ന ചിത്രത്തിലും ദാസവാല എന്ന ചിത്രത്തിലും അഭിനയിച്ചു. ദാസവാല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയ് പ്രശസ്‌തനായി. പിന്നീട് 2014ല്‍ ഹരിവു എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും അദ്ദേഹം അഭിനയിച്ചു.
നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരം നേടിയിരുന്നു. ചിത്രത്തില്‍ താരം ട്രാന്‍സ്‌ജെന്‍ഡറായാണ് എത്തിയത്. കന്നടയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ഹിന്ദിയിലും വിജയ് അഭിനയിച്ചിട്ടുണ്ട്.