ബോളിവുഡ് ഗായിക കനികാ കപൂറിന്‍റെ രണ്ടാമത്തെ ടെസ്റ്റും പോസിറ്റീവ്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എസ്ജിപിജിഐഎംസ്)ൽ നടത്തിയ രണ്ടാം പരിശോധനയിലാണ് ഗായികയെ കൊവിഡ് 19 ആയി സ്ഥിരീകരിച്ചത്. ആദ്യ പരിശോധന ശരിയായി നടത്തിയിട്ടില്ലെന്ന് താരത്തിന്‍റെ കുടുംബം ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും ടെസ്റ്റ് നടത്തിയത്.
കനികയ്ക്ക് ശരിയായ ചികിത്സ ലഭ്യമാകുന്നില്ല എന്നത് അടിസ്ഥാനരഹിതമാണെന്നും നാലു മണിക്കൂർ മാറി മാറി വരുന്ന ഷിഫ്‌റ്റിന്‍റെ അടിസ്ഥാനത്തിൽ അവരെ വളരെ നന്നായാണ് പരിപാലിക്കുന്നതെന്നും എസ്‌പിജിഐഎംസ് ഡയറക്‌ടർ ആർ.കെ ദിമാൻ അറിയിച്ചു. ഈ നാലു മണിക്കൂർ അണുവിമുക്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് ആഹാരം കഴിക്കാനോ ജലപാനത്തിനോ കഴിയാറില്ല. ഓരോ നാല് മണിക്കൂറും രോഗികൾ കിടക്കുന്ന മുറികൾ വൃത്തിയാക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ നൽകുകയാണെന്നും കനികാ കപൂർ ഒരു താരമെന്നല്ലാതെ രോഗിയായി പെരുമാറാൻ ശ്രമിക്കണമെന്നും ആശുപത്രി ഡയറക്‌ടർ അറിയിച്ചു. നല്ല ആഹാരവും ടോയ്‌ലറ്റ്, ടിവി, കിടക്ക, എസി ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ആശുപത്രിയിൽ കനികയ്ക്ക് നൽകിയിരിക്കുന്നതെന്നും ദിമാൻ വ്യക്തമാക്കി.