ന്യൂഡൽഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ 'താണ്ഡവ്' സീരീസിനെതിരെ വിശദീകരണം തേടി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ആമസോൺ പ്രൈമിലൂടെ പ്രദർശിപ്പിക്കുന്ന ഹിന്ദി വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ബിജെപി എംപി മനോജ് കൊട്ടകിന്‍റെ പരാതിയെ തുടർന്നാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആമസോൺ പ്രൈമിന് നോട്ടീസ് അയച്ചത്.
അലി ആബാസ് സഫര്‍ സംവിധാനം ചെയ്‌ത താണ്ഡവ് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നതാണ് ആരോപണം. ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സെൻസർഷിപ്പിന്‍റെ അഭാവമുള്ളതുകൊണ്ട് ഹിന്ദു വികാരങ്ങൾ ആക്രമിക്കപ്പെടുന്നത് ആവർത്തിക്കുകയാണ്. ഒടിടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികതയും അക്രമവും മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവയും ഉൾപ്പെടുന്നുണ്ടെന്നും പ്രകാശ് ജാവദേക്കറിന് അയച്ച കത്തിന്‍റെ പകർപ്പ് പങ്കുവെച്ചുകൊണ്ട് മനോജ് കൊട്ടക് ട്വിറ്ററിൽ പറഞ്ഞു.
താണ്ഡവ് വെബ് സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു. സീരീസിൽ നിന്ന് ഹിന്ദു ദൈവങ്ങളെയും വിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎ രാം കാഡം ഘാട്‌കോപ്പർ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.
സെയ്ഫ് അലിഖാൻ, ഡിമ്പിൾ കപാഡിയ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ. ആർട്ടിക്കിൾ 15 ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗൗരവ് സോളാങ്കിയാണ് സീരീസിന്‍റെ രചന നിർവഹിക്കുന്നത്.