ഹോളിവുഡ് സീരീസ് ദി നൈറ്റ് മാനേജറിന്‍റെ ഇന്ത്യന്‍ റീമേക്ക് ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സുന്ദരന്‍ ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദി നൈറ്റ് മാനേജറില്‍ ടോം ഹിഡ്‌ലെസ്റ്റണ്‍ അവതരിപ്പിച്ച ജോനാഥന്‍ പൈന്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുക. 2016 പുറത്തിറങ്ങിയ സീരീസ് 1993ല്‍ പുറത്തിറങ്ങിയ ജോണ്‍ ലി കാരെയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ റീമേക്കിന്‍റെ ചിത്രീകരണം ഏപ്രിലില്‍ മുംബൈയില്‍ ആരംഭിക്കും. ആര്യ എന്ന ഹിറ്റ് സീരീസ് സംവിധാനം ചെയ്‌ത സന്ദീപ് മോദിയാണ് ദി നൈറ്റ് മാനേജര്‍ സീരിസിന്‍റെ ഇന്ത്യന്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. സീരീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാകും സ്ട്രീം ചെയ്യുക. മുന്‍ സൈനിക ഉദ്യോഗസ്ഥനും ഒരു ആഡംബര ഹോട്ടലിലെ നൈറ്റ് മാനേജറുമായ ജോനാഥന്‍ പൈന്‍ എന്നയാളെ ചുറ്റിപ്പറ്റിയുള്ളതാണ് ദി നൈറ്റ് മാനേജറുടെ കഥാപശ്ചാത്തലം.
ഹോളിവുഡില്‍ സീരിസ് സംവിധാനം ചെയ്‌തത് സൂസാനെ ബിയേറാണ്. ഡേവിഡ് ഫാറായിരുന്നു തിരക്കഥ ഒരുക്കിയത്. ഗോള്‍ഡ് ഗ്ലോബ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ സീരീസ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ബാനിജയ് ഏഷ്യയാണ് സീരീസ് നിര്‍മിക്കുക.