'സ്വപ്‌ന സുന്ദരി' ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലെത്തുന്നു. രമേശ് സിപ്പി സംവിധാനം ചെയ്യുന്ന 'ഷിംല മിര്‍ച്ചി'യിലൂടെയാണ് ഹേമമാലിനിയുടെ തിരിച്ചുവരവ്. പുതുവർഷത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. യുവതാരം രാജ് കുമാർ റാവു നായകനായെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം രമേശ് സിപ്പിയാണ്. 39 വർഷത്തിനു ശേഷം ഹേമമാലിനിയും രമേശ് സിപ്പിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഷിംല മിര്‍ച്ചിക്ക്. രാജ് കുമാർ റാവുവെന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ചിത്രത്തിൽ ഹേമമാലിനി അവതരിപ്പിക്കുന്നത്.
മുഴുനീള കോമഡി ചിത്രമായി ഒരുങ്ങുന്ന ഷിംല മിര്‍ച്ചിയിൽ രാകുല്‍ പ്രീത് സിങ്ങും മുഖ്യവേഷത്തിലെത്തുന്നുണ്ട്. രമേശ് സിപ്പിയുടെ അന്താസ്, ഷോലെ, സീത ഔര്‍ ഗീത എന്നീ ഹിറ്റ് ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഹേമമാലിനി കാഴ്‌ചവച്ചത്. രാഷ്‌ട്രീയ തിരക്കുകളിൽ നിന്നും സിനിമയിലേക്കുള്ള താരത്തിന്‍റെ മടങ്ങിവരവ് കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2012ല്‍ പുറത്തിറങ്ങിയ ബര്‍ബരീകാണ് ഹേമമാലിനി അഭിനയിച്ച ഒടുവിലത്തെ ചിത്രം.