ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്‍റെ കഥ പറയുന്ന ഛപാക്കില്‍ ലക്ഷ്മിയുടെ അഭിഭാഷകക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ലക്ഷ്മിക്ക് നീതി ലഭിക്കാനായി പോരാടിയ തനിക്ക് സിനിമയില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന അഭിഭാഷക അപര്‍ണ ഭട്ടിന്‍റെ വാദം കോടതി അംഗീകരിച്ചു. ബുധനാഴ്ചക്കകം ചിത്രത്തില്‍ അപര്‍ണ ഭട്ടിന്‍റെ പേരുള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തേ അഭിഭാഷകയുടെ വാദം അംഗീകരിച്ച് വിചാരണക്കോടതി ഉത്തരവിറക്കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ''സ്ത്രീകള്‍ക്കെതിരായ ലൈംഗിക-ശാരീരിക അതിക്രമങ്ങള്‍ക്കെതിരെ അപര്‍ണ ഭട്ടിന്‍റെ പോരാട്ടം തുടരുമെന്ന്'' ഉള്‍ക്കൊള്ളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വിവരങ്ങള്‍ക്കായി അപര്‍ണ ഭട്ടിനെ സമീപിച്ചത് എന്തിനെന്നും അഭിഭാഷകയെ അംഗീകരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി നിര്‍മാതാക്കളോട് ചോദിച്ചു. കക്ഷികള്‍ തമ്മില്‍ കരാറുകള്‍ ഇല്ലെന്നും വിവരങ്ങള്‍ ആരായുന്നത് അംഗീകാരം നല്‍കാമെന്ന വ്യവസ്ഥയിലല്ലെന്നും സംവിധായിക മേഘ്ന ഗുല്‍സാറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി അസാധാരണ വിധി പുറപ്പെടുവിച്ചതെന്ന് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയുടെ അഭിഭാഷകനും വാദിച്ചു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത് ദീപിക പദുക്കോണ്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്.